by webdesk1 on | 09-10-2024 09:25:44
ജമ്മു: തെക്കന്‍ ജമ്മു കശ്മീരിലെ അനന്തനാഗില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ടെറിട്ടോറിയല്‍ ആര്‍മിയിലെ രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതിലൊരാള്‍ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരര്‍ കടന്നു.
അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. സിവില്‍ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പോലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കാശ്മീര്‍ മേഖലയില്‍ അടുത്തിടയായി ഭീകരാക്രമണം ഏറി വരികെയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഹെഡ് കോണ്‍സ്റ്റബ്‌ളായ പോലീസുകാരന്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിലാവര്‍ തഹസിലിലെ കോഗ്-മണ്ഡ്‌ലി ഗ്രാമം വളഞ്ഞ സുരക്ഷ സേനക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സേന ശക്തമായി തിരിച്ചടിച്ചു.
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. കരസേനയുടെ ചിനാര്‍ കോര്‍പ്‌സും ജമ്മു കശ്മീര്‍ പോലീസുമാണ് സംയുക്ത ഓപറേഷന്‍ നടത്തിയത്.