by webdesk1 on | 09-10-2024 10:02:53 Last Updated by webdesk1
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. ഇതിനായി നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പുഫലം. ഇത് കാശ്മിരിനുണ്ടാക്കിയ ആഘാതം ചെറുതല്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടും കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗവുമാണ്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ മലയാളികളെ ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയും ഇന്നുണ്ടാകും.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. 90 അംഗ നിയമസഭയില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് 48 സീറ്റുകളാണ് നേടിയത്. എഞ്ചിനീയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ പി.ഡി.പിക്ക് ഇത്തവണ മൂന്ന് സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.