News Kerala

പ്രത്യേക സീറ്റ് ആവശ്യപ്പെട്ട അന്‍വര്‍ ഇരുന്നത് പ്രതിപക്ഷ നിരയില്‍: കൈയ്യടിച്ച് സ്വീകരിച്ച് കോണ്‍ഗ്രസും ലീഗും; അന്‍വറിന്റെ ചാട്ടം ഇതെങ്ങോട്ട്?

Axenews | പ്രത്യേക സീറ്റ് ആവശ്യപ്പെട്ട അന്‍വര്‍ ഇരുന്നത് പ്രതിപക്ഷ നിരയില്‍: കൈയ്യടിച്ച് സ്വീകരിച്ച് കോണ്‍ഗ്രസും ലീഗും; അന്‍വറിന്റെ ചാട്ടം ഇതെങ്ങോട്ട്?

by webdesk1 on | 09-10-2024 10:30:23 Last Updated by webdesk1

Share: Share on WhatsApp Visits: 35


പ്രത്യേക സീറ്റ് ആവശ്യപ്പെട്ട അന്‍വര്‍ ഇരുന്നത് പ്രതിപക്ഷ നിരയില്‍: കൈയ്യടിച്ച് സ്വീകരിച്ച് കോണ്‍ഗ്രസും ലീഗും; അന്‍വറിന്റെ ചാട്ടം ഇതെങ്ങോട്ട്?


തിരുവനന്തപുരം: പ്രതിപക്ഷ നിരയ്‌ക്കൊപ്പം ഇരിക്കില്ലെന്ന പി.വി. അന്‍വറിന്റെ മുന്‍ നിലപാട് മാറ്റം നല്‍കുന്ന സൂചന എന്താണെന്നാണ് രാഷ്ട്രീയ കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഭരണ മുന്നണിയുമായുള്ള ബന്ധം വിട്ടിറങ്ങിയ അന്‍വര്‍ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന അഭ്യൂഗങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ താന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടാകില്ലെന്നും സ്വതന്ത്രനായി നില്‍ക്കുമെന്നുമായിരുന്നു അന്‍വര്‍ വിശദീകരിച്ചത്. നിയമസഭയില്‍ ഇരുവര്‍ക്കും ഇടയില്‍ പ്രത്യേക സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രത്യേക ഇരിപ്പിടം അനുവദിച്ചെങ്കിലും ഈ നിയമസഭാ സമ്മേളനം ആരംഭിച്ച ശേഷം ആദ്യമായി സഭയിലെത്തിയ അന്‍വര്‍ ഇരിപ്പിടം കണ്ടെത്തിയത് പ്രതിപക്ഷ നിരയിലായിരുന്നു എന്നതാണ് ഭരണപക്ഷത്തെ ഉള്‍പ്പടെ അമ്പരിപ്പിച്ചത്.

കയ്യില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡി.എം.കെയുടെ ഷാളും അണിഞ്ഞ് സഭയിലെത്തിയ അന്‍വറിനെ പ്രതിപക്ഷം നീണ്ട കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ഒന്നാം നില വരെ കെ.ടി. ജലീല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി.

പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍ ലീഗ് എം.എല്‍.എ എ.കെ.എം. അഷ്‌റഫിനോട് ചേര്‍ന്നാണ് അന്‍വര്‍ ഇരിപ്പിടം കണ്ടെത്തിയത്. അന്‍വര്‍ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഗ് എം.എല്‍.എ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. മറ്റ് ലീഗ് എംഎല്‍എമാരായ നജീബ് കാന്തപുരം, പി.ഉബൈദുള്ള എന്നിവരും അന്‍വറിന് കൈകൊടുത്തു.

അതേസമയം മുഖ്യമന്ത്രി ഇന്നും നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. സഭയില്‍ പ്രതിപക്ഷം ഇന്ന് തൃശൂര്‍ പൂരം വിഷയം ഉന്നയിക്കും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ അവതാരകന്‍ മുഖ്യമന്ത്രിയാണ്.


Share:

Search

Popular News
Top Trending

Leave a Comment