by webdesk1 on | 09-10-2024 10:36:43 Last Updated by webdesk1
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നരേന്ദ്ര മോദി പ്രഭാവമാണ് ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി. ജന സമൂഹത്തിന് തുടര്‍ന്നും സേവനം നല്‍കാന്‍ പറ്റിയൊരു അവസരമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ തീരുമാനം.
നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹരിയാനയിലും ജമ്മു കശ്മീരിലും ബി.ജെ.പി ഉജ്വല വിജയം സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ പാര്‍ട്ടിയിലേക്ക് എത്തുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു വര്‍ഷം മുമ്പാണ് ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിച്ചത്. സര്‍വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിക്കാതെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.