by webdesk1 on | 13-10-2024 08:06:55 Last Updated by webdesk1
മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അജിത് പവാര്‍ വിഭാഗം (എന്‍.സി.പി) നേതാവുമായ ബാബ സിദ്ദിഖ് മുംബൈയില്‍ വച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിലും വെടിയേറ്റ അദ്ദേഹത്തെ ഉടനെ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടികൂടിയവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ നിന്ന് അടുത്ത് തന്നെയുള്ള പ്രദേശത്ത് വച്ച് പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിച്ച് ആഘോഷയ്ക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി അക്രമികള്‍ വെടിയുതിര്‍ത്തത്.
തൂവാല കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമികള്‍. മൂന്ന് പേര്‍ ഒരു ബൈക്കില്‍ എത്തിയാണ് കൃത്യം നിര്‍വഹിച്ചത്. മുന്നറിയിപ്പ് ഒന്നും കൂടാതെ സിദ്ദിഖിനെതിരെ അവര്‍ നിറയൊഴിക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ ഒരെണ്ണം സിദ്ദിഖിന്റെ നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നു. ഇതോടെ അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നാമന്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി വ്യാപക വരച്ചില്‍ നടത്തി വരികയാണ് പോലീസ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.