by webdesk1 on | 27-11-2024 11:47:44
കൊച്ചി: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാത്തതിനാല്‍, മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടങ്ങാനായില്ല. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെയാണ് സര്‍ക്കാര്‍ കമ്മിഷനായി നിയോഗിച്ചിരിക്കുന്നത്. 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
പരിഗണനാ വിഷയങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിഗണനാ വിഷയങ്ങള്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ. ജനങ്ങള്‍ കമ്മിഷനോട് സഹകരിക്കും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ സഹകരണവും വേണം.
മൂന്നു മാസമാണ് സര്‍ക്കാര്‍ സമയം തന്നിരിക്കുന്നത്. കമ്മിഷന്‍ സര്‍വേ നടത്തില്ല. സര്‍വേയ്ക്ക് പ്രസക്തിയില്ല. ഭൂമിയുടെ അവകാശ രേഖകള്‍ പരിശോധിക്കും. സര്‍വേ നടത്തേണ്ടതുണ്ടെങ്കില്‍ റവന്യൂ വകുപ്പിനെ അറിയിക്കും. മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാന്‍ തീരുമാനിച്ചത്.
ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.