by webdesk1 on | 27-11-2024 09:47:34
തിരുവനന്തപുരം: ആയിരക്കണക്കിനാളുകള്‍ പെന്‍ഷന്‍കിട്ടാതെ വലയുമ്പോള്‍ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തട്ടിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കമാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവരും ഇതിലുള്‍പ്പെടും.
അനധികൃമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളേജിലും മറ്റേയാള്‍ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ആരോഗ്യ വകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേര്‍ ആരോഗ്യ വകുപ്പിലും 224 പേര്‍ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിലും 114പേര്‍ ആയുര്‍വേദ വകുപ്പിലും 74 പേര്‍ മൃഗസംരക്ഷണ വകുപ്പിലും 47പേര്‍ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്.