by webdesk1 on | 13-10-2024 06:55:54
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വീണാ വിജയനില്‍ നിന്നും കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) മൊഴി രേഖപ്പെടുത്തിയത്. കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്.എഫ്.ഐ.ഒ.യുടെ നടപടി.
ചെന്നൈ ഓഫീസില്‍ ഹാജരായ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നത്. ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി രണ്ടു കോടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സി.ആര്‍.എം.എല്ലില്‍ നിന്നും കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും എസ്.എഫ്.ഐ.ഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്.
മൊഴിയെടുക്കലില്‍ പ്രതികരണവുമായി പരാതിക്കാരന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയന്‍ എന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വീണാ വിജയന്‍ ഒരു ഫാക്ടര്‍ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകള്‍, റിയാസിന്റെ ഭാര്യ എന്നീ നിലയില്‍ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും.
സി.പി.എം-ബി.ജെ.പി ബന്ധം ആരോപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ചോദ്യം ചെയ്യലല്‍. പിണറായി വിജയനെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നന്നായി ഹോംവര്‍ക്ക് ചെയ്താണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും വീണയെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും ആരോപിച്ചു നിയമസഭയില്‍ വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും രംഗത്തെത്തി. മാസപ്പടിക്കേസില്‍ പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്രസര്‍ക്കാരിന്റെ നടപടിയും നീക്കങ്ങളും വീണാ വിജയനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇ.ഡി അന്വേഷണം ഏര്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.