by webdesk1 on | 26-10-2024 10:17:51
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തുവന്നത്. ഡി.സി.സി ഭാരവാഹികള്‍ ഐകകണ്‌ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിലുണ്ട്.
ബി.ജെ.പിയെ തുരത്താന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിലെ ആവശ്യം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനുമാണ് കത്ത് നല്‍കിയത്.
സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡി.സി.സി ഐകകണ്‌ഠേന കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചതെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കത്തിലെ ആവശ്യം നിരസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സ്ഥാനാര്‍ഥിയായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സരിനും എ.കെ. ഷാനിബും അടക്കമുള്ളവര്‍ പാര്‍ട്ടിക്കെതിരെ തുറന്ന നിലപാടുമായി മുന്നോട്ട് വരികയും ചെയ്തു.