by webdesk1 on | 27-10-2024 05:00:50
തിരുവനന്തപുരം: കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് അന്വേഷിക്കാന്‍ പാര്‍ട്ടി നിര്‍ദേശം. കത്ത് ഡി.സി.സി അയച്ചതു തന്നെയാകുമെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സമ്മതിക്കുന്നത്. കത്ത് അയച്ചിരുന്നതായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനും സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ഇത്തരത്തില്‍ കത്ത് പുറത്തുവിട്ടത് ആരാണെന്നാണ് കെ.പി.സി.സി ഇപ്പോള്‍ അന്വേഷിക്കുന്നത്. കെ.പി.സി.സി ഓഫീസില്‍ നിന്നാണ് കത്ത് പോയതെന്ന സംശയവും ബലപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടിതല അന്വേഷണത്തിന് കെ.പി.സി.സി പ്രസിഡന്റ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
ഇപ്പോല്‍ കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ പ്രതികരണം. സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുമ്പ് പല നേതാക്കളും കത്തയച്ചിട്ടുണ്ട്. മുരളീധരന്റെ പേര് മാത്രമല്ല, രാഹുലിന്റെയും ബല്‍റാമിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കത്തുകള്‍ അയച്ചിരുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കത്തുകളാണ് ഇതൊക്കെയെന്നും ആ കത്തുകളൊക്കെ അടഞ്ഞ അധ്യായങ്ങളാണെന്നും തങ്കപ്പന്‍ പറഞ്ഞു.
കത്തു പുറത്തു വന്നതിനു പിന്നില്‍ ആരാണെന്നു അറിയില്ല. ഇത് കൊണ്ടൊന്നും രാഹുലിന്റെ വിജയം തടയാനാവില്ല. പാര്‍ട്ടിക്ക് പുറത്തു പോയവന്‍ എന്തും പറയും. അതിനൊന്നും മറുപടി പറയേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കെ.മുരളീധരനും പ്രതികരണവുമായി രംഗത്തെത്തി. കത്തിന്റെ പേരില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമെന്നും മുരളീധരന്‍ പറഞ്ഞു. ഡി.സി.സി ഈ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നവെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച പേര് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.