by webdesk1 on | 27-10-2024 07:58:44
ചെന്നൈ: ഡി.എം.കെ. മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ ബദല്‍ രാഷ്ട്രീയ ആശയവുമായി നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം. ജനിച്ചവരെല്ലാം തുല്യരാണെന്ന ആശയത്തോടെ സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമ്മേളനം ആരംഭിച്ചത്. ഡി.എം.കെ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വച്ച വിജയ് ഡി.എം.കെയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനം നടത്തുക കൂടിയായിരുന്നു ആദ്യ സംസ്ഥാന സമ്മേളനത്തില്‍.
ആശയപരമായി ബി.ജെ.പിയും രാഷ്ട്രീയപരമായി ഡി.എം.കെയുമാണ് ടി.വി.കെയുടെ മുഖ്യ എതിരാളികളെന്ന് വിജയ് പ്രഖ്യാപിച്ചു. ഡി.എം.കെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം. എന്നാല്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഘടകക്ഷികളുമായി സഖ്യത്തിന് തയാറാണ്.
രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല. താന്‍ വന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയാകാനാണ്. അത് പണത്തിനു വേണ്ടിയല്ല. അഴിമതിക്കാരായ കപടമുഖം മൂടിക്കാരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടും. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കള്‍. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.
ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ആരുടെയും വിശ്വാസത്തെ എതിര്‍ക്കില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും. മധുരയില്‍ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഗവര്‍ണറുടെ പദവി നീക്കാന്‍ സമ്മര്‍ദം ചെലുത്തും. അഴിമതി രഹിത ഭരണം ഉറപ്പാക്കും. കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും. സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.