by webdesk1 on | 28-10-2024 08:04:45
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ കേരളത്തെ ആകെ ഒന്നു ചൂടാക്കിയിരിക്കുകയാണ്. പൂരം കലങ്ങിയിട്ടില്ലെന്നും അത്തരത്തില്‍ വരുത്തി തീര്‍ത്ത് വര്‍ഗീയ ദ്രുവീകരണ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനെതിരെ സ്വന്തം മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും അടക്കം മുഖ്യമന്ത്രിയെ ട്രോളിയും വിമര്‍ശിച്ചും പ്രസ്താവനകളുമായി രംഗത്തെത്തി.
പൂരം ദിവസമുണ്ടായ സംഭവഭങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് സി.പി.ഐ നേതാവും തൃശ്ശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍ മുഖ്യമന്ത്രിയെ തള്ളിയത്. പൂരം അലങ്കോലപ്പെട്ടിട്ടില്ല എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല. സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണത്തോടെ വെടിക്കെട്ട് അടക്കമുള്ള പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ തടസപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും അത് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പൂരത്തിന്റെ ആചാരങ്ങള്‍ തകര്‍ത്ത് പൂരത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് വി.എസ്. സുനില്‍ കുമാറിനെതിരേയും എല്‍.ഡി.എഫിനെതിരേയും എന്‍.ഡി.എയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകളില്‍ പ്രചാരണം നടത്തി. അതുവരെ പൂരത്തിന്റെ ഒരു ചടങ്ങിലും കാണാത്ത എന്‍.ഡി.എ സ്ഥാനാര്‍ഥി ആംബുലന്‍സില്‍ വന്ന് ചര്‍ച്ച നടത്തിയെന്ന് സുരേഷ് ഗോപിയെ ലക്ഷ്യംവച്ച സുനില്‍കുമാര്‍ പറഞ്ഞു.
അദ്ദേഹം തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയി. പൂരത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു. ഇത് ആര്‍ക്കുവേണ്ടിയാണ് നടത്തിയത്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കാര്യമാണെന്ന് യാതൊരു സംശയവുമില്ലാത്ത കാര്യമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് മുഖ്യമന്ത്രിയെ ട്രോളി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍ പറഞ്ഞു. എഫ്.ഐ.ആര്‍ ഇട്ട് ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കില്‍ വിശ്വാസികള്‍ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകും. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതല്‍ സി.പി.എം സ്വീകരിക്കുന്ന സമീപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞാല്‍ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത്. പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐ നയം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പൂരം കലക്കല്‍ വിഷയം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തയാറുണ്ടോയെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.