by webdesk1 on | 28-10-2024 08:52:37
കൊച്ചി: യാത്രക്കാരുമായി എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട കെ.യു.ആര്‍.ടി.സിയുടെ എസി ലോ ഫ്ളോര്‍ ബസ് മിനിറ്റുകള്‍ക്കകം കത്തിനശിച്ചു. കൊച്ചി നഗരത്തില്‍ ചിറ്റൂര്‍റോഡില്‍ ഇയ്യാട്ടുമുക്ക് ജംഗഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്ക് യാത്ര ആരംഭിച്ച മുവാറ്റുപുഴ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. എറണാകുളം ഡിപ്പോ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുന്നതിനിടെയായിരുന്നു അപകടം.
25 ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലേര്‍ട്ട് സിഗ്‌നല്‍ കാണിച്ച ഉടനെ മൂവാറ്റുപുഴ സ്വദേശികളായ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും തീപടരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതോടെ എല്ലാവരും വേഗത്തില്‍ പുറത്തേക്ക് ഇറങ്ങി. യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയ ശേഷമാണ് തീ ആളിപ്പടര്‍ന്നത്.
എന്‍ജിന്‍ ഭാഗത്ത്് ഉണ്ടായ തീ വളരെ പെട്ടന്ന് ബസിന് ഉള്ളിലേക്ക് ആളിപ്പടരുകയായിരുന്നു. തീ പിടുത്തത്തിന്റെ ശക്തിയില്‍ ബസിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വയറിംഗ് കിറ്റ് പൂര്‍ണമായും കത്തി നശിച്ചു. പകുതിയിലേറെ സീറ്റുകളും അഗ്‌നിക്കിരയായി. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തീപിടിച്ചതോടെ കറുത്തപുക പ്രദേശമാകെ പരന്നു.
ബസിനുള്ളിലേയും സമീപത്തെ ബാങ്കിലെയും ഫയര്‍ എസ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിച്ച തീ അണയ്ക്കാന്‍ ആദ്യ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ക്ലബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സംഘം എത്തി മൂക്കാല്‍ മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാനായത്.
ഷോട്ട്സര്‍ക്യൂട്ടാകാം കാണമെന്ന് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടോണി കോശി പറഞ്ഞു. ഏറെ സുരക്ഷാ സംവിധാനങ്ങള്‍ വോള്‍വോ എസി ബസിലുണ്ട്. വളരെ അപൂര്‍വമായാണ് എസി ബസിന് തീപിടിച്ച സംഭവം ഉണ്ടാകുന്നത്. യഥാര്‍ഥ കാരണം കണ്ടെത്താന്‍ ടെക്നിക്കല്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തേവര കെ.യു.ആര്‍.ടി.സിയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് ജീവനക്കാരെത്തി ബാറ്ററിയുമായുള്ള കണക്ഷന്‍ വിശ്ചേദിച്ചു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ നിന്ന് റിക്കവറി വാന്‍ ഉപയോഗിച്ച് ബസ് കാരിക്കാമുറിയിലെ വര്‍ക് ഷോപ്പിലേക്ക്മാറ്റി.