by webdesk1 on | 29-10-2024 07:54:19 Last Updated by webdesk1
കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. 97 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.
അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ മാലപ്പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കേസെടുത്ത പോലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കളക്ടര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെയാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് അപകടത്തിനിടയാക്കിയത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്‌സുകളിലായി ക്ഷേത്രത്തിന് സമീപമുള്ള കലവറയില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 1500ലധികം പേരാണ് തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയത്.