by webdesk1 on | 29-10-2024 02:11:00 Last Updated by webdesk1
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഏക പ്രതിയും സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ പോലീസിന് മുന്‍പാകെ കീഴടങ്ങി. കണ്ണൂരില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് ദിവ്യ ഹാജരായത്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.
നവീന്‍ ബാബു മരിച്ച് 15 ദിവസത്തിന് ശേഷമാണ് ദിവ്യ കീഴടങ്ങുന്നത്. ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. ടൗണ്‍ സ്റ്റേഷനിലെത്തിയ ദിവ്യയെ പോലീസ് ചോദ്യം ചെയ്തുവരികെയാണ്.
തലശ്ശേരി കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ദിവ്യക്കെതിരെ ചുമത്തിയത്. നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.
ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എ.ഡി.എമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
എ.ഡി.എമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്റെ മൊഴി. ദിവ്യയുടെ പ്രവര്‍ത്തികളാണ് മരണത്തിലേക്ക് എ.ഡി.എമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തല്‍.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയര്‍ത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു.
അഴിമതി പരാതിയുണ്ടെങ്കില്‍ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാന്‍ ശ്രമിച്ചു. എ.ഡി.എമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബര്‍ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടര്‍ പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.