by webdesk1 on | 30-10-2024 08:24:21
പാലക്കാട്: കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്ന് പാലക്കാട് സി.പി.എമ്മില്‍ പുകഞ്ഞെരിഞ്ഞ വിഭാഗീയത ആളിക്കത്തുന്നു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സതീഷിന്റെ നേതൃത്വത്തില്‍ വിമത കണ്‍വെന്‍ഷന്‍ ചേര്‍ന്നത് പാര്‍ട്ടിയേയും നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെയായിരുന്നു വിമത കണ്‍വെന്‍ഷനില്‍ കലാപക്കൊടി ഉയര്‍ന്നത്.
ജില്ല സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കണ്‍വെന്‍ഷന്‍ നടത്തിയതെന്ന് സതീഷ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിക്കകത്തെ എതിര്‍നീക്കങ്ങളോട് തത്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിനുള്ള താക്കീതായി മാറിയിരിക്കുകയാണ് കൊഴിഞ്ഞാമ്പാറയിലെ വിമത കണ്‍വെന്‍ഷന്‍. കൊഴിഞ്ഞാമ്പാറയിലെ 37 അംഗ ബ്രാഞ്ച് സെക്രട്ടറിമാരില്‍ 28 പേരും യോഗത്തില്‍ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതിലെ പ്രതിഷേധമാണ് സമാന്തര നീക്കത്തിലെത്തിച്ചത്.
ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ടെത്തിയയാളെ ലോക്കല്‍ സെക്രട്ടറിയാക്കിയതിന് എതിരെയാണ് കലാപക്കൊടി. സി.പി.എം ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ഇത് അംഗീകരിക്കാനിലെന്നുമാണ് ഇവരുടെ നിലപാട്. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊഴിഞ്ഞാമ്പാറയിലെ നീക്കം ജില്ല നേതൃത്വത്തിന് തലവേദനയായതോടെ നേതാക്കള്‍ ഇടപ്പെട്ട് അനുനയനീക്കം തുടങ്ങി. എന്നാല്‍ തത്കാലം നടപടി വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്‌നം പരിശോധിക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ നടപടിയെടുക്കാനാണ് നീക്കം.