by webdesk1 on | 31-10-2024 06:32:35
ന്യൂഡല്‍ഹി: ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.
തിന്മയുടെ ഇരുളിന്‍ മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണെന്നും ശ്രീരാമന്‍ രാവണനിഗ്രഹം നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.
ഐതിഹ്യം എന്തുതന്നെയായാലും കുടുംബങ്ങള്‍ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമൊക്കെയുള്ള അവസരമാണ് ദീപാവലി. മധുരത്തിനൊപ്പം പുതുവസ്ത്രങ്ങളണിഞ്ഞ്, മണ്‍ചിരാതുകളില്‍ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോള്‍ മനസ്സുകളില്‍ പ്രതീക്ഷയുടെ പ്രകാശമാണത് പകരുന്നത്.
ദീപാവലി ആഘോഷ നിറവിലാണ് ഉത്തരേന്ത്യയും. അലങ്കാര വിളക്കുകള്‍ തെളിയിച്ചും ചിരാതുകള്‍ കത്തിച്ചും മധുരം പങ്കുവെച്ചുമൊക്കെ ആണ് ഡല്‍ഹിയിലെ ദീപാവലി ആഘോഷം. കടുത്ത വായുമലിനീകരണം നേരിടുന്നതിനാല്‍ ഇത്തവണ പടക്കങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മിതിക്ക് ശേഷമുള്ള ആദ്യ ദീപാവലി ചരിത്ര ആഘോഷമാക്കാനാണ് അയോധ്യയും ഒരുങ്ങുന്നത്. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് കഴിഞ്ഞ വര്‍ഷത്തെ ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാനാണ് ലക്ഷ്യം. മ്യാന്‍മര്‍, നേപ്പാള്‍, തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ സാംസ്‌കാരിക പ്രകടനങ്ങളും ഉത്തരാഖണ്ഡില്‍ നിന്നുള്ള രാം ലീല അവതരണവും ആഘോഷത്തില്‍ അവതരിപ്പിക്കും.
രാജ്യാതിര്‍ത്തിയിലും ദിപാവലി ആഘോഷം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകും. ഇന്ത്യാ-ചൈനാ സേനാ പിന്മാറ്റത്തിന് ശേഷമുള്ള ദീപാവലി ആഘോഷമാക്കാനാണ് അതിര്‍ത്തി കാക്കുന്ന സൈനീകരുടേയും തീരുമാനം. മധുരം നല്‍കിയും വിളക്കുകള്‍ കത്തിച്ചും ദീപാവലിയുടെ സന്തോഷം ഇരു രാജ്യങ്ങളുടേയും സൈനീകര്‍ പങ്കുവയ്ക്കും.