by webdesk1 on | 03-11-2024 06:55:39
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കുറച്ചുകാലമായി വിള്ളലുകള്‍ പ്രകടമായിരുന്നെങ്കിലും ഇപ്പോള്‍ അത് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ വാര്‍ത്തകളാണ് കാനഡയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയെ തന്നെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാനഡ.
സൈബര്‍ സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ സൈബര്‍ എതിരാളികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരപ്രവര്‍ത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്വര്‍ക്കുകള്‍ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ മറ്റൊരു തന്ത്രമാണിത്. മറ്റു രാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാന്‍ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളില്ലാതെയാണ് സ്ഥിരമായി കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേരത്തെ നിജ്ജര്‍ വധത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കാനഡയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.