by webdesk1 on | 05-11-2024 10:42:19
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സരിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ അണ്‍ഫോളോ ക്യാമ്പയിന്‍. എല്‍.ഡി.എഫിനൊപ്പം പോയി പാര്‍ട്ടിയേയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ സരിന്‍ പ്രതികരണങ്ങള്‍ നടത്തിവരുന്നതാണ് കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ ചൊടിപ്പിച്ചത്. മാത്രമല്ല സരിന് സൈബറിടത്തില്‍ ശ്രദ്ധ കിട്ടുന്നത് കോണ്‍ഗ്രസുകാര്‍ വഴിയെന്ന കണ്ടെത്തലുമാണ് അണ്‍ഫോളോ കാമ്പയിന് തുടക്കമിടാന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചത്.
സരിന്റെ ഫോളോവേഴ്‌സില്‍ ഏറിയപങ്കും യു.ഡി.എഫുകാരാണ്. മുന്‍പ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ വിംഗ് കണ്‍വീനര്‍ ആയിരുന്നു പി.സരിന്‍. സരിനെതിരെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങളൊക്കെ നെഗറ്റീവ് പബ്ലിസിറ്റിയായി മാറുന്നത് കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കുന്നതായാണ് വിലയിരുത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അണ്‍ഫോളോ കാമ്പയിന്‍ ആരംഭിച്ചത്.