by webdesk1 on | 20-11-2024 08:40:41 Last Updated by webdesk1
പാലക്കാട്: വാശിയേറിയ പാലക്കാടന്‍ തിരഞ്ഞെടുപ്പില്‍ 70.22 ശതമാനം പോളിങ്. പോളിങ് സമയം അവസാനിച്ച വരെയുള്ള കണക്കാണിത്. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. അന്തിമ പോളിങ് ശതമാനം വരാനിരിക്കുന്നതേയുള്ളു. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്.
2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ മൂന്ന് ശതമാനത്തിലേറെയാണ് പോളിങില്‍ കുറവുണ്ടായത്. പോളിംഗ് കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ബി.ജെ.പി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയര്‍ന്നു.
2021 നിയമസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബി.ജെ.പി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചു. പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്. ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യു.ഡി.എഫ് ക്യാമ്പില്‍ ചങ്കിടിപ്പുയരാന്‍ കാരണം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.
നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബി.ജെ.പിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കള്‍ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യു.ഡി.എഫ് വോട്ട് വലിയ തോതില്‍ ബി.ജെ.പിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
എന്നാല്‍ യുഡിഎഫില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നാലായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. 2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നു.
എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയില്‍ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താന്‍ സാധിക്കുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. പാലക്കാടന്‍ കാറ്റ് ആര്‍ക്ക് അനുകൂലമെന്ന് 23 ന് അറിയാം.