News Kerala

മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് കേട്ടിരുന്നു; ഭരണപക്ഷാംഗങ്ങളെ കണക്കിന് വിമര്‍ശിച്ച് കൊച്ചി മേയര്‍

Axenews | മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് കേട്ടിരുന്നു; ഭരണപക്ഷാംഗങ്ങളെ കണക്കിന് വിമര്‍ശിച്ച് കൊച്ചി മേയര്‍

by webdesk1 on | 20-11-2024 11:01:15

Share: Share on WhatsApp Visits: 18


മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് കേട്ടിരുന്നു; ഭരണപക്ഷാംഗങ്ങളെ കണക്കിന് വിമര്‍ശിച്ച് കൊച്ചി മേയര്‍


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നിലേറെ തവണ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടും നിശബ്ദത പാലിച്ച് പ്രതികരിക്കാതിരുന്ന ഭരണപക്ഷ കൗണ്‍സിലര്‍മാരെ കണക്കിന് വിമര്‍ശിച്ച് കൊച്ചി മേയര്‍. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന നിലയില്‍ പ്രതിപക്ഷത്തെ രണ്ട് കൗണ്‍സിലര്‍മാര്‍ സംസാരിച്ചപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ ഇടപെടേണ്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ തിരുത്തിയത്.

താനും ഒരു ഇടത് പക്ഷക്കാരനാണ്. പറയാതിരിക്കാന്‍ കഴിയാത്തതിനാലാണ് പറയുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭരണപക്ഷാംഗങ്ങളോടുള്ള മേയറുടെ വിമര്‍ശനം. മുഖ്യമന്ത്രിയെ ഈ സഭയില്‍ പലവട്ടം അധിക്ഷേപിച്ച് സംസാരിച്ചു. എന്നിട്ടും ആരും ഒന്നും മിണ്ടിയില്ല. ഇത് ശരിയായ നിലപാടല്ലെന്നും മേയര്‍ സ്വന്തം പാര്‍ട്ടി അണികളെ ശകാരിച്ചു.

ഉടമ അറിയാതെ ഭൂമി മറിച്ചുവിറ്റെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ രാജി ആവശ്യപ്പെട്ടുള്ള ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് കൗണ്‍സില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ആണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിയുടെ പേര് സഭയിലേക്ക് വലിച്ചിട്ടത്.

കേസിന്റെയും ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രാജിവയ്ക്കുകയാണെങ്കില്‍ ആദ്യം രാജിവയ്ക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും അദ്ദേഹത്തിനില്ലാത്ത രാഷ്ട്രീയ ധാര്‍മികത മറ്റുള്ളവര്‍ക്കും വേണമെന്ന് വാശിപിടിക്കരുതെന്നുമായിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഡ്വ. വി.കെ. മിനിമോളും കൗണ്‍സിലില്‍ ഉന്നയിച്ചത്.

ഇവര്‍ മുഖ്യമന്ത്രിയെ പേരെടുത്ത് വിമര്‍ശിച്ചപ്പോള്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ എതിര്‍പ്പുകളോ പ്രതിഷേധ സ്വരമോ ഉണ്ടായില്ല. എല്ലാവരും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് കേട്ടിരിക്കുകയാണുണ്ടായത്. എന്നാല്‍ ഭുമി മറിച്ചുവിറ്റ കേസിലെ പരാതിക്കാരനും കോണ്‍ഗ്രസുകാരനുമായ ഭൂമി ഉടമയുടെ പ്രായം പ്രതിപക്ഷം കൗണ്‍സില്‍ലില്‍ ഉന്നയിച്ചത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് സി.പി.എം കൗണ്‍സിലര്‍മാര്‍ തടസവാദവുമായി എഴുന്നേറ്റു.

തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും കടുത്ത വാഗ്വാദങ്ങളിലേക്കും ബഹളത്തിലേക്കും കടന്നപ്പോഴാണ് മേയര്‍ ഇടപെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരെ തിരുത്തിയത്. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് പ്രതിപക്ഷം അവഹേളിച്ചപ്പോള്‍ ഇതേ നിലയില്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നും മേയര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനെതിരെ ആഞ്ഞടിക്കുകയുമുണ്ടായി.



Share:

Search

Recent News
Popular News
Top Trending

Leave a Comment