by webdesk1 on | 27-11-2024 06:29:25 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തള്ളി സി.പി.എം. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം അവസാന വാക്കല്ലെന്നും കൂട്ടിലടച്ച തത്തയാണ് സി.ബി.ഐയെന്നും ഗോവിന്ദന്‍ പറഞ്ഞു. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. സി.ബി.ഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്ന് ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അംഗീകരിച്ചിട്ടില്ല, ഇന്നും അംഗീകരിച്ചിട്ടില്ല, നാളെയും അംഗീകരിക്കില്ല. സി.ബി.ഐ കൂട്ടില്‍ കിടക്കുന്ന തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതിനിടെയാണ് നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന പാര്‍ട്ടി സെക്രട്ടറി തന്നെ കുടുംബത്തിന്റെ ആവശ്യത്തെ പരസ്യമായി തള്ളി രംഗത്തെത്തിയത്.
നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹര്‍ജിയില്‍ പറയുന്നു. താനും കുടുംബാംഗങ്ങളും എത്തുന്നതിനു മുന്‍പ് തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയത് സംശയമുണ്ടാക്കുന്നു. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നു.