by webdesk1 on | 25-10-2024 09:02:45
മുംബൈ: സ്വത്തിനും പണത്തിനും വേണ്ടി സഹോദരങ്ങളും മാതാപിതാക്കളും തമ്മില്‍ പോലും കടിപിടികൂടുന്ന ഇക്കാലത്ത് തന്റെ വളര്‍ത്തു നായ്ക്കും പാചകക്കാരനും വരെ സ്വന്തിന്റെ പങ്ക് വില്‍പത്രത്തില്‍ എഴുതിവച്ച് മനുഷ്യത്തിന് പുതിയ മുഖം ലോകത്തിന് കാണിച്ചു നല്‍കുകയാണ് അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ.
തന്റെ 10,000 കോടിയോളം മൂല്യമുള്ള സമ്പത്തില്‍ ഓരോരുത്തര്‍ക്കുമുള്ള വിഹിതം ടാറ്റ തന്റെ വില്‍പ്പത്രത്തില്‍ മാറ്റിവെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അര്‍ധസഹോദരിമാരായ ഷിറീന്‍, ഡീന്ന ജെജീഭോയ്, സഹോദരന്‍ ജിമ്മി ടാറ്റ, ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശന്തനു നായിഡു മുതല്‍ അദ്ദേഹത്തിന്റെ പ്രധാന പാചകക്കാരനും വളര്‍ത്തുനായ ടിറ്റോയ്ക്കും വരെ ടാറ്റ വിഹിതം മാറ്റിവെച്ചിട്ടുണ്ട്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെര്‍മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട ടിറ്റോ എന്ന നായയെ ടാറ്റ സ്വന്തമാക്കുന്നത്. ടിറ്റോയ്ക്ക് ആജീവനാന്ത പരിചരണം ഉറപ്പുനല്‍കുന്ന വ്യവസ്ഥകള്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിറ്റോയെ അദ്ദേഹത്തിന്റെ പാചകക്കാരനായ രാജന്‍ ഷാ സംരക്ഷിക്കും.
എക്‌സിക്യുട്ടിവ് അസിസ്റ്റന്റ് ശന്തനു നായിഡുവിനെക്കുറിച്ചും വില്‍പ്പത്രത്തില്‍ പരാമര്‍ശമുണ്ട്. ശന്തനു കൂടെ പങ്കാളിയായുള്ള ഗുഡ്‌ഫെല്ലാസ് കമ്പനിയിലെ ഓഹരികള്‍ ടാറ്റ ഉപേക്ഷിച്ചു. വിദേശവിദ്യാഭ്യാസത്തിനായി ശന്തനു എടുത്ത വായ്പയും എഴുതിത്തള്ളി. ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലിക്കെത്തിയ ശന്തനു പിന്നീട് ടാറ്റയുടെ വിശ്വസ്തനും സഹായിയുമായി മാറുകയായിരുന്നു. കൂടാതെ, ടാറ്റയുടെയൊപ്പം മൂന്ന് പതിറ്റാണ്ടോളം ജോലിചെയ്ത പാചകക്കാരന്‍ സുബ്ബയ്യയ്ക്കും വില്‍പ്പത്രത്തില്‍ വിഹിതമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫൗണ്ടേഷനു കീഴിലുള്ള ആസ്തികള്‍ അര്‍ധസഹോദരിമാരായ ഷിറീന്‍, ഡീന്ന ജെജീഭോയ്, സഹോദരന്‍ ജിമ്മി ടാറ്റ എന്നിവര്‍ക്ക് നല്‍കും. ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളിലുള്ള ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന് ല്‍കും. ടാറ്റ സണ്‍സ് ചെയര്‍പേഴ്സണ്‍ എന്‍.ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഒക്ടോബര്‍ ഒമ്പതിനായിരുന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് രത്തന്‍ ടാറ്റ (86) മരിക്കുന്നത്. തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തിയതു് അദ്ദേഹമാണ്.