by webdesk1 on | 26-10-2024 11:52:12
തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലായി മത്സരത്തിലുള്ളത് 46 സ്ഥാനാര്‍ത്ഥികള്‍. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് പാര്‍ലമെന്റ് സീറ്റിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെ 21 സ്ഥാനാര്‍ഥികളാണുള്ളത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാര്‍ഥികളായി കെ.ബിനു മോള്‍ (സി.പി.എം), കെ.പ്രമീള കുമാരി (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എസ്.സെല്‍വന്‍, രാഹുല്‍. ആര്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ്.സതീഷ്, ബി.ഷമീര്‍, രാഹുല്‍.ആര്‍ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ചേലക്കരയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യു.ആര്‍. പ്രദീപും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണനും പി.വി. അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ എന്‍.കെയും മത്സരരംഗത്തുണ്ട്.
വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. 21 പേര്‍. ദേശീയ പോരാട്ടം നടക്കുന്ന ഇവിടെ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ സത്യന്‍ മൊകേരിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ബി.ജെ.പി നേതാവ് നവ്യ ഹരിദാസുമാണ് മത്സര രംഗത്ത്.