by webdesk1 on | 26-10-2024 12:41:33
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ, ചൈന സൈനിക പിന്‍മാറ്റം ആരംഭിച്ചു. സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിനിടെ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക തീരുമാനമെടുത്തിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സങ്, ഡെംചോക് പ്രദേശങ്ങളില്‍ നിന്നുള്ള സൈനിക പിന്‍മാറ്റമാണ് ആരംഭിച്ചത്. 29ന് പിന്‍മാറ്റം പൂര്‍ത്തിയാകും. അതിനു ശേഷം പട്രോളിങ് ആരംഭിക്കും.
ഇരുപ്രദേശങ്ങളിലും താല്‍ക്കാലികമായി നിര്‍മിച്ച സംവിധാനങ്ങളും പൊളിച്ചുനീക്കും. 2020 ഏപ്രിലിനു മുന്‍പത്തെ നിലയിലേക്കു ഘട്ടം ഘട്ടമായി മടങ്ങാനാണ് തീരുമാനം. പാംഗോങ് തടാക തീരത്ത് 2020 മേയ് 5നു ചൈനീസ് സേന കടന്നുകയറിയതോടെയാണു ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.