by webdesk1 on | 27-11-2024 01:19:05
ചെന്നൈ: നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ നടി നയന്‍താരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹര്‍ജി. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന ധനുഷ് നിര്‍മിച്ച ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ധനുഷിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍താരയ്ക്കു നോട്ടിസ് അയച്ചു.
10 കോടി രൂപയുടെ പകര്‍പ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകര്‍ക്കു മുമ്പില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമിലും കുറിച്ചു. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനാണ് നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ധനുഷിന്റെ നിര്‍മാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത് മനപ്പൂര്‍വം വൈകിക്കുകയും ചെയ്തതായി നയന്‍താര പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തി. പിന്നാലെ ഇത് പകര്‍പ്പാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
ധനുഷിനെതിരെ കടുത്ത വിമള്‍ശനം ഉന്നയിച്ച നയന്‍താര വലിയ തോതിലാണ് സൈബര്‍ ആക്രമണം നേരിട്ടത്. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരായ പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ തുടങ്ങിയവരും നയന്‍താരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.