by webdesk1 on | 29-11-2024 08:49:07
ഹോംങ് കോങ്: ഭിത്തിയില്‍ ടേപ്പ് ഒട്ടിച്ച് തൂക്കിയാല്‍ വാഴപ്പഴത്തിന് കോടികള്‍ കിട്ടുമോ...? ഇല്ല. പക്ഷെ അതൊരു ആര്‍ട്ട് ഇസ്റ്റിലേഷനായാല്‍ വിലയങ്ങ് കോടികളോം ഉയരും. നമ്മള്‍ നിസാരമെന്ന് കണ്ട് അവഗണിക്കുന്ന പലതിലും കോടികളുടെ മതിപ്പുണ്ടെന്ന് കാണിച്ചുതരികെയാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ആര്‍ട്ട് ഇന്‍സ്റ്റിലേഷന്റെ വാശിയേറിയ ലേലം.
കൊച്ചി ബിനാലെയിലൊക്കെ കാണുന്ന ഒരു കലാസൃഷ്ടി (ഇന്‍സ്റ്റലേഷന്‍) പോലെയുള്ള ഒന്നായിരുന്നു ഭിത്തിയില്‍ ടേപ്പൊട്ടിച്ച വാഴപ്പഴം. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലന്റെ കൊമേഡിയന്‍ പരമ്പരയില്‍പ്പെട്ട കലാസൃഷ്ടിയായിരുന്നു അത്. തറയില്‍ നിന്ന് 160 സെന്റിമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു വാഴപ്പഴം വെച്ച് സില്‍വര്‍ ടേപ്പ് ഒട്ടിച്ചിരിക്കുന്നു.
കാഴ്ച്ചയില്‍ ഒരു പഴം ടേപ്പൊട്ടിച്ച് തൂക്കിയിരിക്കുന്നു, അത്രമാത്രം. എന്നാല്‍ ചൈനീസ് വംശജനായ ക്രിപ്റ്റോ കറന്‍സി സംരഭകന്‍ ജസ്റ്റിന്‍ സണ്ണിന് അതൊരു സാധാരണ കാര്യമായി തോന്നിയില്ല. എന്തോ പ്രത്യേകത അതിനുണ്ടെന്ന് തോന്നിയതോടെ ആ പഴം സ്വന്തമാക്കാനായി ലക്ഷ്യം. വാശിയേറിയ ലേലത്തിനൊടുവില്‍ 6.2 മില്യണ്‍ യുഎസ് ഡോളറിനാണ് ജസ്റ്റിന്‍ ആ കലാസൃഷ്ടി സ്വന്തമാക്കിയത്. അതായത് നാട്ടിലെ 52 കോടി രൂപയ്ക്ക്.
എന്നിട്ടും തീര്‍ന്നില്ല, വെള്ളിയാഴ്ച്ച ഹോംങ് കോങിലെ ഒരു ഹോട്ടലില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുകൂട്ടി ആ പഴം തിന്നുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലയേറിയ വാഴപ്പഴം കഴിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് താനെന്ന് പറഞ്ഞായിരുന്നു അതു കഴിച്ചത്. മറ്റു വാഴപ്പഴങ്ങള്‍ തിന്നുന്നതിനേക്കാള്‍ ഇതിന് രുചിയേറെയുണ്ടെന്നും സണ്‍ പിന്നീട് വ്യക്തമാക്കി.
2019 ല്‍ മയാമി മേളയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. ആദ്യ രണ്ട് പ്രദര്‍ശനത്തില്‍ 10 ലക്ഷം രൂപയ്ക്കും രണ്ടാമത്തെ തവണ 1.2 കോടി രൂപയ്ക്കുമായിരുന്നു വിറ്റുപോയത്. അന്ന് മുതല്‍ ഇതിനെ സംബന്ധിച്ച് വലിയ വിവാദവും ഉണ്ടായിരുന്നു. എന്നാല്‍, ഒരു കലയ്ക്കുള്ള വില എന്നാണ് അതിനെ ഒരു കൂട്ടര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്.