by webdesk1 on | 30-11-2024 08:14:32
കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞുവെന്ന് തള്ളിമറിക്കുന്ന സര്‍ക്കാരിനേറ്റ പ്രഹരമാണ് ട്രാക്കോ കേബിള്‍സിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവവും. 11 മാസമായി ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി രണ്ടാമതും അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാരാകട്ടെ സ്വന്തം മണ്ഡലത്തില്‍ നിര്‍മാണ കേന്ദ്രമുള്ള സ്ഥാപനത്തെ പോലും ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല ബാധ്യത 245 കോടിയായി വര്‍ധിക്കുകയും ചെയ്തു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കരകയറുന്നില്ലെന്ന് കണ്ടതോടെ സ്വത്തുവഹകളെല്ലാം വിറ്റ് സ്ഥാപനം അടച്ചു പൂട്ടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേബിള്‍ നിര്‍മാണത്തില്‍ സംസ്ഥാനത്തെ സ്വകാര്യ കമ്പനികളേക്കാള്‍ പേര് കേട്ട സ്ഥാപനമാണ് ട്രാക്കോ കേബിള്‍സ്. കൊച്ചി ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളിലായി അഞ്ഞൂറോളം തൊഴിലാളികളാണുള്ളത്.
ഇവര്‍ക്ക് കഴിഞ്ഞ 11 മാസമായി ശമ്പളമില്ല. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തുമുള്ള കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ സമരം നടന്നുവരികയായാണ്. ഇതിനിടെയാണ് ശമ്പളം കിട്ടാത്തതിനെ തുടന്നുള്ള മനോവിഷമം താങ്ങാതെ ജീവനക്കാരനായ കാക്കനാട് സ്വദേശിയായ പി. ഉണ്ണി (54) ജീവനൊടുക്കിയ സംഭവം ഉണ്ടായത്. ഇതോടെ പ്രതിഷേധം ശക്തമായി.
കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഈ പൊതുമേഖലാ സ്ഥാപനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു എങ്കിലും ശമ്പള കുടിശിക തീര്‍ക്കുക എന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചത്.
പ്രവര്‍ത്തന മൂലധനം കണ്ടെത്തുക എന്നതാണ് കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനിടെ, ട്രാക്കോ കേബിള്‍ കമ്പനിയുടെ 35.5 ഏക്കര്‍ ഭൂമിയും വസ്തുവകകളും സാമ്പത്തിക പരാധീനകള്‍ തീര്‍ക്കാന്‍ ഇന്‍ഫോപാര്‍ക്കിന് കൈമാറാനുള്ള തീരുമാനവും ഉണ്ടായി. ഇതും ഒരു വിഭാഗം തൊഴിലാളികളുടെ എതിര്‍പ്പിന് ഇടയാക്കി.
ട്രാക്കോ കമ്പനി തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരുക ബുദ്ധിമുട്ടാണെന്നും അതിനാല്‍ സ്ഥാപനത്തിന്റെ സ്ഥലവും മറ്റും ഇന്‍ഫോപാര്‍ക്കിലേക്ക് മാറ്റുകയാണെന്നുമാണ് വ്യവസായ മന്ത്രി നിയമസഭയില്‍ അറിയിച്ചത്.
1964ല്‍ സ്ഥാപിതമായ ട്രാക്കോ കേബിളിന്റെ സഞ്ചിത ബാധ്യത ഏകദേശം 245 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. സ്വത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സാധിക്കുമെന്നായിരുന്നു മന്ത്രി വിശദീകരിച്ചതും. അതിനിടെയാണ്, ട്രാക്കോയിലെ ജീവനക്കാരന്റെ ജീവനക്കാരന്റെ ആത്മഹത്യ ഉണ്ടായിരിക്കുന്നത്.