by webdesk1 on | 30-11-2024 07:06:07 Last Updated by webdesk1
തിരുവനന്തപുരം: വിഎസ് പിണറായി അധികാര കേന്ദ്രങ്ങളുടെ തമ്മിലടി കാലത്തേക്കാളും കടുത്ത വിഭാഗീയതയിലേക്ക് സി.പി.എം നീങ്ങുന്ന സുചനയാണ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍. വിഭാഗീയ ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമല്ല പാലക്കാടും ആലപ്പുഴയും കൊല്ലവുമൊക്കെ കടന്ന് സംസ്ഥാനത്താകെ അത് പടര്‍ന്നിരിക്കുന്നു. കര്‍ശന നടപടികളുമായി നേതൃത്വം വടിയെടുത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല.
പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന കൊല്ലം ജില്ലയില്‍ നിന്ന് കേള്‍ക്കുന്നതൊന്നും സി.പി.എം പോലൊരു പാര്‍ട്ടിയില്‍ നടന്നുപോകുന്ന ഒന്നല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടി മീറ്റിംഗുകളുടെ നാല് ചുവരുകളും കടന്ന് തെരുവിലെത്തിയതിന്റെ ഉദാഹരണമായിരുന്നു നേതൃത്വത്തിനെതിരെയുള്ള അണികളുടെ പ്രതിഷേധം. പ്രതിഷേധത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിനു പോലുമുണ്ട് രൂക്ഷമായ പ്രഹര ശേഷി.
ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ലാം വന്നതുപോലെ എന്ന് നേതൃമാറ്റത്തെ വിമര്‍ശിച്ച അണികള്‍ മുന്നോട്ട് വയ്ക്കുന്ന സന്ദേശം തങ്ങളുടെ നേതാക്കള്‍ കൊലപാതികളും സ്ത്രീ പീഡകരുമാണെന്നാണ്. നേതാക്കള്‍ക്കെതിരെ പിന്നീട് ഉയര്‍ന്ന ആരോപണങ്ങളും അങ്ങനെയായിരുന്നു. ഒട്ടേറെ ലൈംഗീക അഴിമതി ആരോപണ കഥകളാണ് ഇപ്പോള്‍ കൊല്ലത്ത് പ്രത്യേകിച്ച് കരുനാഗപ്പള്ളിയില്‍ സ്വന്തം അണികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇതെല്ലാം പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത് വിഷമകരമായ പ്രതിസന്ധിയിലാണ്. കാരണം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് കൊല്ലം ജില്ലയിലാണ്. അവിടെ ഇത്ര രൂക്ഷമായി വിഭാഗീയത വളര്‍ന്നാല്‍ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പ് തന്നെ അവതാളത്തിലാകും. കോട്ടയം സംസ്ഥാന സമ്മേളനത്തിന് സമാനമായ നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ പാര്‍ട്ടിക്കത് മായിക്കാനാകാത്ത കറയായി കിടക്കുകയും ചെയ്യും.
സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണിപ്പോള്‍. ഒരുമാസം മുമ്പ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ടെത്തി താക്കീത് നല്‍കിയിട്ടും തര്‍ക്കവും കയ്യാങ്കളിയും തുടരുന്നതാണ് കഴിഞ്ഞ ദിവസവും കണ്ടത്. വീഡിയോകളും ഫോണ്‍ സംഭാഷണങ്ങളുമെല്ലാം ആയുധമാക്കി ഗ്രൂപ്പ് യുദ്ധം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.
കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ 10 ലോക്കല്‍ സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടിടത്ത് കയ്യാങ്കളി ഉണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാമത് വിളിച്ചിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ നടത്താനായില്ല. സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി ഒരുവശത്തും ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ആര്‍. വസന്തന്‍ മറുഭാഗത്തുമായുള്ള ശക്തമായ കിടമത്സരമാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് നടന്ന ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും വസന്തന്‍ പക്ഷവും സൂസന്‍ കോടി പക്ഷവും ചേരിതിരിഞ്ഞാണ് നിന്നത്. അന്ന് വസന്തന്‍ പക്ഷത്തിനായിരുന്നു വിജയം. ഏരിയാ കമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനം വസന്തന്‍ വിരുദ്ധ പക്ഷത്തിനാണ് കിട്ടിയത്. ഇക്കുറി ലോക്കല്‍ സമ്മേളനങ്ങളില്‍ ഭൂരിപക്ഷം കമ്മിറ്റികളും വസന്തന്‍ അനുകൂലികളാണ്.
കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടത്തില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ജില്ലാ സമ്മേളന പ്രതിനിധികള്‍ ഇവിടെനിന്ന് ഉണ്ടാകില്ല. എന്നാല്‍ ശൂരനാട്, കുന്നത്തൂര്‍, ചവറ, കൊല്ലം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് വരുന്ന പ്രതിനിധികള്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയത ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാക്കും. സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടിക്കൊപ്പം ജില്ലാ നേതൃത്വത്തിലെ ഒന്നോ രണ്ടോ പേരെയുള്ളൂ എന്നാണ് വസന്തന്‍ വിഭാഗം പറയുന്നത്.
ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്കായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മനസ്സ് തുറന്നിട്ടില്ല .എന്തായാലും ജില്ലാ സമ്മേളനത്തില്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയത വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.
അതേസമയം, പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വിഭാഗീയതയെ തുടര്‍ന്ന് സി.പി.എമ്മിലെ ഒരു വിഭാഗം സമാന്തര പാര്‍ട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡില്‍ ഇ.എം.എസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. മുന്‍ കോണ്‍ഗ്രസ് നേതാവിനെ ലോക്കല്‍ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് ഇവരുടെ നേതൃത്വത്തില്‍ വിമത കണ്‍വെന്‍ഷനും നടത്തിയിരുന്നു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷിന്റെ നേതൃത്വത്തിലാണ് കലാപം.