by webdesk1 on | 01-12-2024 07:41:47 Last Updated by webdesk1
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്നലെയുണ്ടായ അപ്രതീക്ഷിത സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കളം ചൂടുപിടിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടി (എ.എ.പി) യും ബി.ജെ.പിയും. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ദേഹത്തേക്ക് ഒരു യുവാവ് ദ്രാവകം ഒഴിച്ചതാണ് തലസ്ഥാന നഗരിയില്‍ എതിര്‍രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വാഗ്വാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
സാവിത്രി നഗര്‍ ഏരിയയില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു എ.എ.പി ദേശീയ കണ്‍വീനര്‍ കൂടിയായ കേജ്രിവാളിന്റെ നേര്‍ക്ക് കയ്യേറ്റ ശ്രമം ഉണ്ടായത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കെജ്‌രിവാളിന്റെ ദേഹത്ത് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. വടംകെട്ടി വേര്‍തിരിച്ചിരുന്ന സുരക്ഷാവലയം ഭേദിച്ച് എത്തിയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. അശോക് ജാ എന്ന യുവാവാണ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അശോക് ജാ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടേയുള്ളവര്‍ രംഗത്ത് വന്നു. കെജ്‌രിവാളിനെ ജീവനോടെ ചുട്ടെരിക്കാന്‍ അക്രമി ആഗ്രഹിച്ചിരുന്നതായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജും ആരോപിച്ചു. ഒരാള്‍ അദ്ദേഹത്തിന്റെ നേര്‍ക്ക് സ്പിരിറ്റ് എറിഞ്ഞു. ഞങ്ങള്‍ക്ക് അതിന്റെ മണം കിട്ടി. അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമവും നടന്നു. ഒരു കൈയില്‍ സ്പിരിറ്റും മറുകൈയില്‍ തീപ്പെട്ടിയുമാണ് അയാള്‍ വന്നത്. അദ്ദേഹം എറിഞ്ഞ സ്പിരിറ്റ് കെജ്‌രിവാളിന്റെ ദേഹത്ത് വീണു. എന്നാല്‍ തീ കൊളുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും എ.എ.പി നേതാവ് അവകാശപ്പെട്ടു.
എന്നാല്‍ എ.എ.പിയുടെ ആരോപണങ്ങള്‍ വെറും നാടകമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതൃത്വം തള്ളുകയാണുണ്ടായത്. ഇത്തരം നാടകങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. പുറത്ത് വരുന്ന വിവരം അനുസരിച്ച്, അത് വെറും വെള്ളമായിരുന്നു. ആ വ്യക്തി അവരുടെ പ്രാദേശിക പ്രവര്‍ത്തകനാണ്. മാത്രവുമല്ല മദ്യലഹരിയിലാണ് ഇയാളെ പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.