by webdesk1 on | 01-12-2024 08:36:49
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിനു സമീപം ആക്രിക്കടയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തം യാദൃശ്ചികമായി സംഭവിച്ച ഒന്നായി തള്ളിക്കയാനാകില്ല. കെട്ടിട ഉടമ മുതല്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ വരെ അതിന് ഉത്തരവാദികളാണ്. തീപിടിത്തം ഉണ്ടായെന്ന് പറയുന്ന ആക്രിക്കടയ്ക്ക് ഫയര്‍ എന്‍.ഒ.സി ഇല്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതും പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ പോലുള്ള ഒരു സ്ഥലത്ത്.
ഇത് എറണാകുളം നഗരത്തിലെ ഒരു കെട്ടിടത്തിന്റെ മാത്രം കാര്യമല്ല. ഇവിടെ ഇത്തരത്തില്‍ ഫയര്‍ എന്‍.ഒ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് കെട്ടിടങ്ങള്‍ നഗരത്തിലുണ്ട്. അതിലേറെയും ഗോഡൗണുകള്‍ക്കും ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ക്കുമൊക്കെയാണ്. പാര്‍പ്പിടാവശ്യത്തിനുള്ള ഫ്‌ളാറ്റുകള്‍ വരെ നിയമലംഘന പട്ടികയിലുണ്ട്. എന്തെങ്കിലും ഒരപകടം ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകളും നടപടികളും എടുക്കും എന്നല്ലാതെ കൃത്യമായ ഇടപെടലുകള്‍ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങള്‍ തുടര്‍സംഭവങ്ങളായി മാറാന്‍ കാരണം.
ഏതനാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് മറ്റൊരു വലിയ അഗ്നിബാധ ഉണ്ടായിരുന്നു. അന്നൊരു ചെരുപ്പ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ആ കെട്ടിട്ടത്തിനും ഫയര്‍ എന്‍.ഒ.സി ഉണ്ടായിരുന്നില്ല. തീപിടിത്തത്തിന് കാരണം അന്നും പറഞ്ഞ് കേട്ടത് ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ്. എന്നാല്‍ പെട്ടെന്നൊരു തീപിടിത്തം ഉണ്ടായാല്‍ അത് ആളിപ്പടരുന്നതിന് മുന്‍പ് അണക്കാന്‍ ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ അപകടം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ഏതാനം വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്ന് അതേ സ്ഥലത്ത് വീണ്ടും തീപിടിത്തം ഉണ്ടാകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്. തീ പിടിത്തം ഉണ്ടായ കെട്ടിടത്തിന് ഫയര്‍ എന്‍.ഒ.സി ഇല്ലായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേന തന്നെ പറയുന്നത്. അതുമാത്രമല്ല ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവിടെ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. തീപിടിത്തത്തില്‍ ഇതില്‍ രണ്ട് ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും ഉണ്ടായി.
ലോഡ്ജും വീടുകളുമൊക്കെ സമീപമുള്ള കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായതി. സംഭവം ഉണ്ടായപ്പോള്‍ തന്നെ താമസക്കാരെ ഒഴിപ്പിച്ചു. ആക്രിക്കടയിലുണ്ടായിരുന്ന ആറ് അതിഥിത്തൊഴിലാളികളെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെയും ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രിക്കടയില്‍ തീപിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചതായി അഗ്‌നിശമന സേന അറിയിച്ചു. രാവിലെ മഴ പെയ്തതും സഹായകമായി. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടിരുന്നു. പിന്നീട് രണ്ട് മണിക്കൂറിനുശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. സൗത്ത് പാലത്തില്‍ ഗതാഗതവും ഏറെ നേരം നിരോധിച്ചു.
അതേസമയം, നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലും ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായി. രാത്രി 12 മണിയോടെ വിമാനത്താവളത്തിന് സമീപമുള്ള ആപ്പിള്‍ റസിഡന്‍സിയിലാണ് അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമനസേനയെത്തി തീയണച്ചു. 134 മുറികളുള്ള ഹോട്ടലാണിത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് അഗ്‌നിബാധയുണ്ടായത്. ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു. 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഹോട്ടലിലെ വൈദ്യുതി പൂര്‍ണമായി വിഛേദിച്ച് ലാഡര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ആര്‍ക്കും പരിക്കില്ല.