by webdesk1 on | 01-12-2024 11:10:01 Last Updated by webdesk1
തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരത്തിലേറെ അനര്‍ഹരായിട്ടുള്ളവര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നതായുള്ള കണ്ടെത്തല്‍ വയറ്റത്തടിയായത് സംസ്ഥാനത്തെ പട്ടിണിപ്പാവങ്ങള്‍ക്ക്. തട്ടിപ്പില്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം അവതാളത്തിലായേക്കും. ക്രിസ്മസും ന്യൂഇയറും ഉള്‍പ്പടെ ആഘോഷങ്ങളുടെ മാസമായതിനാല്‍ തന്നെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയാല്‍ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന ആധിയിലാണ് ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍കാര്‍.
ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റി വഴിയാകും പരിശോധന നടത്തുന്നത്. അനര്‍ഹരായവരെ കണ്ടെത്തി അവരെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നതോടൊപ്പം അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനു ശേഷമാകും പുതിയ പട്ടികയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ വിതരണം ചെയ്യുക.
അതേസമയം ഇത് എങ്ങനെ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും എന്ന ആശങ്കയും സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ട്. കാരണം പാര്‍ട്ടിക്കാരായ ആയിരക്കണക്കിന് പേര്‍ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരാണ്.പാര്‍ട്ടിക്കാര്‍ നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകള്‍ കണ്ടെത്തിയത്. മാത്രമല്ല ക്ഷേമപെന്‍ഷന്‍ വാങ്ങിയ തുടങ്ങിയ ശേഷം വീട് പണിതവരും കാറു വാങ്ങിയവരും വീട്ടില്‍ എസി വച്ചവരുമൊക്കെയുണ്ട്. ഇവരെയൊക്കെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുമെന്നതും കുഴപ്പിക്കുന്ന പ്രശ്‌നമാണ്.
മരണപ്പെട്ടവരുടെ പേരുകളില്‍ വരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. മരിച്ചവരുടെ പട്ടികയിലെ 4039 പേരുകള്‍ പരിശോധിച്ചതില്‍ 1698 പേര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തായി കണ്ടെത്തി. ഇത്തരത്തില്‍ മാത്രം നഷ്ടം 2.63 കോടി രൂപ നഷ്ടമുണ്ടായി. മാതമല്ല ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്ന വനിതകള്‍ ഉണ്ടെന്നും കണ്ടെത്തി. ഇത്തരത്തില്‍ 13 കേസുകളാണ് കണ്ടെത്തയിത്. ഭര്‍ത്താവ് മരിക്കാത്തവരും, വിവാഹ മോചിതര്‍ ആകാത്തവരും വരെ വിധവാ പെന്‍ഷന്‍ പട്ടികയില്‍ കടന്നു കൂടി. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ മാത്രം നഷ്ടം 1.8 കോടി രൂപ.
എങ്കിലും ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തില്‍ കടക്കാന്‍ തന്നെയാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തില്‍ ആദ്യം വിശദീകരണം തേടും. തുടര്‍ന്ന് നടപടിയിലേയ്ക്ക് കടക്കും.
അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്റെ തുകയും അതിന്റെ പലിശയും അടക്കം ഓരോരുത്തരും തിരിച്ചടയ്‌ക്കേണ്ട തുകയുടെ വിശദാംശങ്ങളും വകുപ്പുകള്‍ക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പെന്‍ഷന്‍കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരുടെ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകള്‍ക്ക് കൈമാറും.