by webdesk1 on | 02-12-2024 01:43:42
ശബരിമല: തോരാമഴയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തജനത്തിരക്കില്‍ കുറവുണ്ടെങ്കിലും സൗകര്യങ്ങളുടെ പരിമിതിയാണ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നത്. സന്നിദാനത്തേക്കുള്ള മലകയറ്റത്തിനിടയില്‍ മഴനനയാതെ കയറി നില്‍ക്കാന്‍ നടപ്പന്തലുകള്‍ ഉണ്ട്. എന്നാല്‍ മടങ്ങിവരുന്ന വഴിയില്‍ ഇതൊന്നുമില്ല. മാത്രമല്ല കോരിച്ചൊരിയുന്ന മഴയും മൂടല്‍മഞ്ഞും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റ നിലയില്‍ നടപ്പാക്കണമെന്ന കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുകയുമാണ് ഹൈക്കോടതി.
ശബരിമലന്മ സന്നിധാനത്തും പമ്പയിലും മഴ ശക്തമാണ്. ഞായറാഴ്ചയും ഇന്നും തീര്‍ഥാടകരുടെ തിരക്ക് കുറവായിരുന്നു. സന്നിധാനത്ത് പുലര്‍ച്ചെ 3ന് നട തുറന്നപ്പോള്‍ വലിയ നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ഥാടകരായിരുന്നു. 5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി. പിന്നെ മല കയറി വരുന്നവര്‍ കാത്തുനില്‍പില്ലാതെ പടികയറി ദര്‍ശനം നടത്തുകയാണ്.
പമ്പയില്‍നിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്. നീലിമല പാതയില്‍ 18 നടപ്പന്തലുകള്‍ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതല്‍ ശരംകുത്തി വഴി ക്യൂ കോംപ്ലക്‌സും ഉള്ളതിനാല്‍ മഴ നനയാതെ കയറി നില്‍ക്കാം. എന്നാല്‍ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നവരെ കടത്തിവിടുന്ന ചന്ദ്രാനന്ദന്‍ റോഡ്, സ്വാമി അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ മഴ നനയാതെ കയറി നില്‍ക്കാന്‍ സംവിധാനമില്ല.
പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകര്‍ കനത്ത മഴയെ തുടര്‍ന്ന് കഴുതക്കുഴി ഭാഗത്ത് വഴിയില്‍ കുടുങ്ങി സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. 12 പേരുണ്ടായിരുന്ന സംഘമാണ് കുടുങ്ങിയത്. പാതയില്‍ വഴുക്കിവീണ് ഇതില്‍ 2 പേര്‍ക്ക് സാരമായി പരുക്കേറ്റു. സന്നിധാനത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.
മഴ ശക്തമായി തുടരുന്നതിനാല്‍ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മഴക്കോട്ടണിഞ്ഞാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് പമ്പാ സ്‌നാനത്തിനും നിയന്ത്രണമുണ്ട്.
പുല്ലുമേട് വഴിയുള്ള തീര്‍ഥാടകര്‍ക്ക് വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, പോലീസ് സേനകള്‍ പൂര്‍ണസജ്ജരായിട്ടുണ്ട്. മഴ പെയ്ത് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേന, ദ്രുതകര്‍മ സേന, അഗ്‌നി രക്ഷാ സേന, പോലീസ് എന്നിവരും പമ്പയില്‍ ജാഗ്രത പാലിക്കുന്നു.