by webdesk1 on | 02-12-2024 02:22:21
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പോരാട്ടം നടത്താന്‍ ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് രൂപം നല്‍കിയ ഇന്ത്യാ സംഖ്യത്തില്‍ നിന്ന് പ്രധാന കക്ഷികളായ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യും കോണ്‍ഗ്രസും വേര്‍പിരിയുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് എ.എ.പി ജനറല്‍ കണ്‍വീനര്‍കൂടിയായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലുമെല്ലാം കോണ്‍ഗ്രസുമായി സഖ്യമില്ലാതെയാണ് എ.എ.പി മത്സരിച്ചത്. ഇതേ രീതി ഡല്‍ഹിയിലും സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. 70 അംഗ നിയമസഭയില്‍ എ.എ.പിക്ക് നിലവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ രണ്ട് തവണ നടന്ന തിരഞ്ഞെടുപ്പുകളിലും എ.എ.പി തകര്‍പ്പന്‍ വിജയം. ഇതാണ് കെജ്‌രിവാളിന് ധൈര്യം നല്‍കുന്നത്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എ.എ.പി നേരിട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ഇത്തവണയും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷ കെജ്‌രിവാളിനുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ അനുകൂല രാഷ്ട്രീയ സാഹചര്യമാണമെന്നും ഒറ്റയ്ക്ക് മത്സരിച്ചാലും ജയം ഉറപ്പാക്കാമെന്നും എ.എ.പി നേതൃത്വം കരുതുന്നു. എന്നാല്‍ തലസ്ഥാനത്ത് നില മെച്ചപ്പെടുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് കെജ്‌രിവാളിന്റെ തീരുമാനം.
കോണ്‍ഗ്രസ്, എ.എ.പി, ബി.ജെ.പി ത്രികോണ മത്സരത്തിനിടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് കോണ്‍ഗ്രസിനായിരിക്കും. അതുകൊണ്ടുതന്നെ കെജ്‌രിവാളിന്റെ ഇന്നത്തെ പ്രഖ്യാപനം തങ്ങള്‍ക്ക് നേട്ടമായി ബി.ജെ.പി കാണുന്നത്. കാരണം ഡെല്‍ഹിയില്‍ ഇന്ത്യ സംഖ്യം ഒന്നിച്ചാല്‍ തിരിച്ചടി ആയേക്കാമെന്ന ഭയം ബി.ജെ.പിക്കുണ്ട്. പക്ഷെ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും മുഴുവന്‍ സീറ്റിലും ജയിക്കാനായത് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നതുമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാട്ടേണാണ് കെജ്‌രിവാളിന് ധൈര്യം പകരുന്നത്.