by webdesk1 on | 23-08-2024 09:06:10 Last Updated by webdesk1
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെ തള്ളി വൈസ് പ്രസിഡന്റ് ജഗദീഷ്. കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ ജഗദീഷ് പറഞ്ഞു. പ്രതികരിക്കാന്‍ വൈകിയതില്‍ എല്ലാവരോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ജഗദീഷ് കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്.
കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍, അവര്‍ക്കെതിരെ അമ്മ നടപടിയെടുക്കും. ഡബ്ല്യുസിസി ഞങ്ങളുടെ ശത്രുക്കള്‍ അല്ല. അവര്‍ പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. അമ്മ പിളര്‍ന്നിട്ടല്ല ഡബ്ല്യുസിസി ഉണ്ടായത്. അവര്‍ രാജിവെച്ചത് അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും, ഈ വിഷയത്തില്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും ജഗദീഷ് പറഞ്ഞു.
മലയാള സിനിമയില്‍ ഹൈപവര്‍ കമ്മിറ്റി എന്നൊന്നില്ല. അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. പവര്‍ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാവില്ല. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള വേട്ടക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എല്ലാം നടപടി എടുക്കണം. പരാതികള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാന്‍ പാടില്ല. ആരോപണം നേരിടുന്നവര്‍ അഗ്‌നിശുദ്ധി വരുത്തണം. സര്‍ക്കാരിന്റെ കോണ്‍ക്ലേവിനെ അവിശ്വസിക്കേണ്ടതില്ല.
ഒരു കാര്യത്തില്‍ പരിഹാരത്തിനായി വിളിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരെ തള്ളിക്കളയാനാവില്ല. സിനിമയില്‍ ചൂഷണം ഉണ്ടാകാതെ ഭാവനയില്‍ നിന്ന് പരാതികള്‍ വരില്ല. ഡബ്ല്യുസിസിയുടെ പരാതികളെയും ഇക്കാര്യത്തില്‍ പരിഗണിക്കണം. അവരുടെ അനുഭവങ്ങളാണല്ലോ പറയുന്നതെന്നും ജഗദീഷ് പറഞ്ഞു.
വിജയിച്ച നടികളോ നടന്മാരോ വഴിവിട്ട പാതയിലൂടെയാണ് വിജയം കൈവരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അനിഷ്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റിയുടെ വിവരം അനുസരിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. എനിക്ക് വ്യക്തിപരമായി നേരത്തെ അറിയുന്ന കാര്യങ്ങളല്ല ഇതെന്നും ജഗദീഷ് പറഞ്ഞു.
നടിമാരുടെ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടിയെന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. അതേസമയം റിപ്പോര്‍ട്ടിലെ പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയതെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇന്ന് പല വിഷയങ്ങളില്‍ വലിയ മാറ്റം സംഭവിച്ചേനേ. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമാ മേഖലയില്‍ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും ജഗദീഷ് പറഞ്ഞു.