by webdesk1 on | 23-08-2024 10:34:10 Last Updated by webdesk1
കൊച്ചി: സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിത്തിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരു വ്യക്തിയുടെ പേരെടുത്ത് പറഞ്ഞുള്ള ആദ്യ ആരോപണം ഇതിനിടെ തന്നെ സിനിമ മേഖലയെ ആകെ പിടിച്ചു കുലുക്കിയിട്ടുണ്ട്.
മലയാള സിനിമയുടെ വളര്‍ച്ചയ്്ക്കും സിനിമ പ്രവര്‍ത്തകരുടെ ക്ഷമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണമെന്നതാണ് ഗൗരവമായ കാര്യം. പിണറായി വിജയന്‍ സര്‍ക്കാരിനോട് ഏറെ അടുത്ത് നില്‍ക്കുന്ന ഒരാളായതിനാല്‍ തന്നെ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
നാല് വര്‍ഷം മുന്‍പ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ കമലിനെതിരെയും ബലാത്സംഗ ആരോപണം ഉയര്‍ന്നിരുന്നു. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ വസതിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിച്ചത്. തുടര്‍ന്ന് കമലിന് നടി വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ആമി എന്ന സിനിമയുടെ സെറ്റിലും ലൈംഗികചൂഷണം നടന്നിരുന്നതായി നോട്ടീസില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചരിത്രത്തിന്റെ ആവര്‍ത്തനം പോലെയാണ് മറ്റൊരു ചലചിത്ര അക്കാദമി ചെയര്‍മാനെതിരെയും ഇപ്പോള്‍ ആരോപണം ഉണ്ടായിരിക്കുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. പാലേരി മാണിക്യമെന്ന ചിത്രത്തിനായുള്ള ചടങ്ങിനിടെ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.
ഫോട്ടോഷൂട്ടിന് ശേഷം രഞ്ജിത്ത് തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു വിളിച്ചു. തന്റെ കൈയില്‍ പിടിച്ചുവെന്നും കഴുത്തിലേക്ക് സ്പര്‍ശം നീണ്ടുവെന്നും നടി വെളിപ്പെടുത്തി. പരിധി വിട്ടപ്പോള്‍ താന്‍ തടഞ്ഞുവെന്നും ഇറങ്ങി ഓടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നു.
വൈകിട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. താനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് കരുതിയത്.
റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ താന്‍ ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.
സംഭവത്തില്‍ പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയയെന്നും നടി ശ്രീലേഖ മിത്ര വ്യക്തമാക്കി.
രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് സ്ഥിരീകരിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയും രംഗത്തുവന്നു. കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്നത് വിഷയമാക്കാന്‍ നടിക്ക് ഭയമായിരുന്നു. പോലീസില്‍ പറയാനും ഭയമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.