by webdesk1 on | 23-08-2024 10:50:00
ജയ്പൂര്‍: ഐ.പി.എല്‍ മേഗാ താരലേലം നടക്കാനിരിക്കെ രാജസ്്ഥാന്‍ റോയല്‍സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അവരുടെ പ്രധാന താരവും ക്യാപ്റ്റനുമായ മലയാളി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വീടുന്നതായാണ് പരക്കുന്ന വാര്‍ത്തകള്‍. ടീമിന്റെ അദ്യോഗിക സോഷ്യമീഡിയ പേജായ രാജസ്ഥാന്‍ എക്‌സില്‍ ഇപ്പോള്‍ വയറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് ഈ ആശങ്കയ്ക്ക് കാരണം.
രാജസ്ഥാന്‍ താരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരക്കുമൊപ്പമുള്ള നായകന്‍ സഞ്ജു സാംസണിന്റെ വിഡിയോയാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ സഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായി. വിഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത മേജര്‍ മിസ്സിങ് എന്ന കാപ്ഷനാണ് ആരാധകരെ ആശങ്കയിലാക്കിയത്. കാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സഞ്ജു സീസണില്‍ രാജസ്ഥാന്‍ വിട്ടേക്കുമെന്ന ആശങ്ക പങ്കുവെച്ചത്. എന്നാല്‍, പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജസ്ഥാന്‍ ക്യാമ്പിലെ സഞ്ജുവിന്റെ അസാന്നിധ്യത്തെക്കുറിച്ചാണോ പോസ്റ്റ് എന്നും വ്യക്തമല്ല. ഐ.പി.എല്‍ 2025 സീസണില്‍ കുമാര്‍ സംഗക്കാര രാജസ്ഥാനോടൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.പി.എല്ലിന്റെ പുതിയ സീസണിനുള്ള തയാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. വിഡിയോക്കു താഴെ നിരവധി ആരാധകരാണ് രാജസ്ഥാനോട് സഞ്ജുവിനെ കൈവിടരുതേ എന്ന് ആവശ്യപ്പെടുന്നത്. സഞ്ജു, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ പ്രധാന താരങ്ങളെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നീക്കം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2013ലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ ചേരുന്നത്. മൂന്നു സീസണില്‍ ടീമിനൊപ്പം കളിച്ചു. വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി. 2018ലാണ് വീണ്ടും രാജസ്ഥാനില്‍ മടങ്ങിയെത്തുന്നത്.
2021ല്‍ നായകസ്ഥാനം ഏറ്റെടുത്തു. തൊട്ടടുത്ത സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. 2023ല്‍ നേരിയ വ്യത്യാസത്തിലാണ് പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കളിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റുപുറത്തായി. രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ചുറി അടക്കം 531 റണ്‍സാണ് സഞ്ജു നേടിയത്.