Views Articles

തകര്‍ച്ചയുടെ വക്കില്‍ പാകിസ്താന്‍: കഴിഞ്ഞ ഒറ്റ വര്‍ഷമുണ്ടായത് 444 തീവ്രവാദ ആക്രമണങ്ങള്‍; പാക്കിസ്താന്റെ പതനം ആഗോളസുരക്ഷയ്ക്ക് ഭീഷണിയാകുമോ?

Axenews | തകര്‍ച്ചയുടെ വക്കില്‍ പാകിസ്താന്‍: കഴിഞ്ഞ ഒറ്റ വര്‍ഷമുണ്ടായത് 444 തീവ്രവാദ ആക്രമണങ്ങള്‍; പാക്കിസ്താന്റെ പതനം ആഗോളസുരക്ഷയ്ക്ക് ഭീഷണിയാകുമോ?

by webdesk1 on | 18-01-2025 12:57:13 Last Updated by webdesk1

Share: Share on WhatsApp Visits: 50


തകര്‍ച്ചയുടെ വക്കില്‍ പാകിസ്താന്‍: കഴിഞ്ഞ ഒറ്റ വര്‍ഷമുണ്ടായത് 444 തീവ്രവാദ ആക്രമണങ്ങള്‍; പാക്കിസ്താന്റെ പതനം ആഗോളസുരക്ഷയ്ക്ക് ഭീഷണിയാകുമോ?


ഇസ്ലാമാബാദ്: തീവ്രവാദവും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൂടി ഉടലെടുത്തതോടെ തകര്‍ച്ചയുടെ വക്കിലാണ് പാക്കിസ്താന്‍. കടുത്ത വിഭാഗീയതയും ആശാന്തിയും നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ ജനങ്ങളില്‍ അസ്തൃപ്തിയും എതിര്‍പ്പും ശക്തമാണ്. നയതന്ത്ര ബന്ധങ്ങളില്‍ വരെ ഉലച്ചിലുണ്ടായതോടെ മിത്രങ്ങള്‍ പോലും ശത്രുക്കളായി. ഇനിയൊരു മടങ്ങിവരവ് സമീപഭാവിയില്‍ അസംഭാവ്യമെന്ന് തോന്നിപ്പിക്കും വിധം പ്രതിസന്ധിയില്‍ മുങ്ങിക്കിടക്കുകയാണ് പാക്കിസ്താന്‍.

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു ദശകത്തില്‍ വച്ച് ഏറ്റവുമധികം പാക് സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ട വര്‍ഷമായിരുന്നു 2024. ദിവസം ശരാശരി ഏഴു ജീവനുകള്‍ നഷ്ടപ്പെടുന്നു. ആകെ 685 മരണം. 444 തീവ്രവാദി ആക്രമണങ്ങളും 2024 ലുണ്ടായി. 2023 നേക്കാള്‍ 40 ശതമാനം വര്‍ദ്ധനവാണ് തീവ്രവാദി ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 950 തീവ്രവാദികളെയും കൊന്നൊടുക്കി.

ടി.ടി.പിയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബി.എല്‍.എ)യും കൈകോര്‍ക്കുന്നതും പാകിസ്താന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതിര്‍ത്തി കടന്ന് പാകിസ്താനിലെ ആക്രമണങ്ങള്‍ ടി.ടി.പി വര്‍ധിപ്പിക്കുമ്പോള്‍ പാക് സൈന്യത്തിന്റെ നിവൃത്തികേടു മുതലെടുത്ത് വലിയ ആക്രമണങ്ങള്‍ക്ക് മുതിരുകയാണ് ബി.എല്‍.എ. അവര്‍ ബലൂചിസ്ഥാനിലെ സൈനികരെ മാത്രമല്ല, സുരക്ഷാസംവിധാനങ്ങളെയും അടിസ്ഥാനസൗകര്യ പദ്ധതികളെയുമൊക്കെ ആക്രമണ വിധേയമാക്കുന്നു. പ

പാകിസ്താനിലെ ഏറ്റവും വലിയ സംസ്ഥാനമായ, ധാതുവിഭവ സമൃദ്ധമായ ബലൂചിസ്താനിലെ ജനങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ദുരിതങ്ങളും പരിഹരിക്കാത്ത പരാതികളും മനുഷ്യാവകാശങ്ങളെ പാക് പട്ടാളം ചവിട്ടി മെതിക്കുന്നതുമൊക്കെയാണ് ജനത്തെ തോക്കെടുപ്പിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ല കളരിപോലെയാണ് ഇപ്പോള്‍ പാക്കിസ്താന്‍. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പതറിനില്‍ക്കുമ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അനുയായികള്‍ രാജ്യമെങ്ങും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നും ഷെരീഫ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുമാണ് ഇവരുടെ പ്രക്ഷോപണങ്ങളിലെ ആവശ്യം. പ്രക്ഷോഭങ്ങള്‍ പലപ്പോഴും അക്രമാസക്തമാകുകയും ഏറ്റുമുട്ടലുകളിലേക്കും വെടിവെപ്പിലേക്കും വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ പട്ടാളമേധാവിയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ജുഡീഷ്യല്‍ അധികാരം കുറയ്ക്കുകയും ചെയ്യുന്നതു പോലുള്ള ജനാധിപത്യവിരുദ്ധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഇതിനിടെ നയതന്ത്രത്തിലെ പാളിച്ചകള്‍ മൂലം മിത്രങ്ങളായിരുന്നവരെ വരെ ഇപ്പോള്‍ ശത്രുക്കളായിരിക്കുകയാണ്. ദീര്‍ഘകാലമായി പാക്കിസ്താനുമായി അടുപ്പം പുലര്‍ത്തിയിരുന്ന അഫ്ഗാനിസ്താന്‍ ഇപ്പോള്‍ അകന്നു. അവര്‍ക്കിപ്പോള്‍ പ്രിയം ഇന്ത്യയോടാണ്. ഇന്ത്യയാകട്ടെ പുറത്ത് നിന്ന് കളി നിയന്ത്രിക്കുന്ന കൗശലക്കാരനായ കോച്ചിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തുവരുന്നു.

പാകിസ്താന്‍ തകര്‍ന്നുപോയാല്‍, ചിലര്‍ പ്രവചിക്കുന്നതു പോലെ മൂന്നു രാജ്യങ്ങളായി ചിതറിയാല്‍ ദക്ഷിണേഷ്യയ്ക്കും അത് ദീര്‍ഘകാലം തലവേദനയായിരിക്കും. അണുവായുധമുള്ള പരാജിതരാജ്യം എങ്ങനെയാകും പ്രവര്‍ത്തിക്കുകയെന്ന് പ്രവചിക്കാനാകില്ല. അതിന്റെ നിയന്ത്രണം ആരുടെ കൈയില്‍ ചെന്നു ചേരുമെന്ന് പ്രവചിക്കാനുമാകില്ല. ഇത് ആഗോളസുരക്ഷയ്ക്കും തലവേദനയാണ്. ഇതാണ് ഇന്ത്യയെ അസ്വസ്തതപ്പെടുത്തുന്ന കാര്യവും.


Share:

Search

Recent News
Popular News
Top Trending


Leave a Comment