by webdesk1 on | 22-01-2025 08:12:26 Last Updated by webdesk1
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങി. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഇന്നു കാണുന്ന നിലയിലേക്ക് ഉയര്‍ത്തി പൊരുതാനുള്ള ഊര്‍ജം നേടിക്കൊടുക്കുന്നതില്‍ നിര്‍ണയക പങ്കുവഹിച്ച സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഹൈക്കമാന്‍ഡ് തന്നെ ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഇനിയൊരു തിരഞ്ഞെടുപ്പിനെ നയിക്കാനുള്ള ആരോഗ്യ ശേഷിയോ പാകതയോ സുധാകരനില്ലെന്നാണ് കാരണമായി ഹൈക്കമാന്‍ഡ് പറയുന്നത്. എന്നാലതല്ല നേതൃനിരയിലെ അനൈക്കമാണ് കാരണമെന്ന് പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ച്ചയില്‍ സുധാകരനെ മാറ്റണമെന്ന പൊതുവികാരം ഉയരുകയും ചെയ്തു.
ഇതുമാത്രമല്ല തുടക്കം മുതലുള്ള കെ.സുധാകരന്റെ ചില നിലപാടുകളും ഹൈക്കമാന്റിന്റെ അനിഷ്ടത്തിന് വഴിവെച്ചിരുന്നു. സുധാകരന്റെ ആര്‍.എസ്.എസ്-ബി.ജെ.പി അനുകൂല പ്രതികരണങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ആര്‍.എസ്.എസിനെ പ്രകീര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഘടകക്ഷിയായ മുസ്ലീം ലീഗ് അടക്കം പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും ഉണ്ടായി. സുധാകരന്റെ നെഹ്‌റു വിരുദ്ധ പരാമര്‍ശങ്ങളിലും എ.ഐ.സി.സി നേതൃത്വം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങളൊക്കെ മുന്‍കൂട്ടി മനസിലാക്കിയതുകൊണ്ടാകാം താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കില്ലെന്ന് സുധാകരനും പറഞ്ഞത്. പക്ഷെ സുധാകരന്‍ മാറിയാല്‍ പകരം ആരുവരുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവരെ ചുറ്റി പറ്റിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനു പുറമേ യുവനിരയില്‍ നിന്ന് റോജി എം. ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.
സി.പി.എം പോലെ എളുപ്പമല്ല കോണ്‍ഗ്രസില്‍ ഒരു നേതാവിനെ കണ്ടെത്തുക എന്നത്. സാമുദായിക ഘടകങ്ങള്‍ തുടങ്ങി ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാന്‍ഡിന്റെ പ്രീതിയുമൊക്കെ നോക്കണം. അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ തന്നെ അദ്ദേഹത്തെ പൂര്‍ണമായും സ്വീകരിക്കാന്‍ നേതൃത്വത്തിനുമാകണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് സുധാകരന് തിരിച്ചടിയായത്. പകരം വരുന്ന കെ.പി.സി.സി പ്രസിഡന്റിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഐക്യം തിരികെ കൊണ്ടുവരിക എന്നത് തന്നെയാകും.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധമാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത. രാഷ്ട്രീയകാര്യ സമിതി യോഗം തന്നെ ഈ ഭിന്നത തുറന്നു കാട്ടുന്നതായിരുന്നു. യോഗത്തിന് ശേഷം നടത്താറുള്ള പതിവ് പത്രസമ്മേളനം ഒഴിവാക്കിയത് ഭിന്നതയുടെ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്നുവെന്ന അഭിപ്രായമാണ് എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കുവയ്ക്കുന്നത്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായും വിലയിരുത്തി. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്തേക്കും.
വി.ഡി. സതീശനെതിരെയും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിയോജിപ്പുണ്ട്. സതീശന്‍ പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരാണ് ഏറെയും. പല നിര്‍ണായക തീരുമാനങ്ങളിലും സതീശന്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പും നിരാശയുമുണ്ട്. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കെ.സുധാകരന്‍ സംസ്ഥാന അധ്യക്ഷനാകുന്നത്, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പിന് അതീതമായി വി.ഡി. സതീശനും എത്തി. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരാനും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താനും ലക്ഷ്യം വെച്ചായിരുന്നു നേതാക്കളെ നിയമിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള അധികാര വടംവലിയാണ് പിന്നീട് കോണ്‍ഗ്രസില്‍ കണ്ടത്. ഇരുനേതാക്കളും പരസ്യമായി കൊമ്പുകോര്‍ക്കുന്ന സാഹചര്യം പോലും ഉണ്ടായി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും തമ്മില്‍ മൈക്കിന് വേണ്ടി അടികൂടിയ സംഭവമെല്ലാം വലിയ പരിഹാസത്തിന് തന്നെ കാരണമായി. നേതാക്കളുടെ ഐക്യമില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ എന്ന് പാര്‍ട്ടിയില്‍ തന്നെ പലരും അടക്കം പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും ഇത്തരം നടപടികള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് പതിവായി.