Infotainment Cinema

ഒന്നിനു പുറകെ ഒന്നായി വെളിപ്പെടുത്തലുകള്‍: സിനിമ മേഖലയില്‍ കൂട്ടരാജി; നടന്‍ സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിവച്ചു

Axenews | ഒന്നിനു പുറകെ ഒന്നായി വെളിപ്പെടുത്തലുകള്‍: സിനിമ മേഖലയില്‍ കൂട്ടരാജി; നടന്‍ സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിവച്ചു

by webdesk1 on | 25-08-2024 11:51:52 Last Updated by webdesk1

Share: Share on WhatsApp Visits: 33


ഒന്നിനു പുറകെ ഒന്നായി വെളിപ്പെടുത്തലുകള്‍: സിനിമ മേഖലയില്‍ കൂട്ടരാജി; നടന്‍ സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ സിനിമ മേഖലയില്‍ കൂട്ടരാജി. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തും രാജിവച്ചു. 

യുവ നടിയുടെ പീഡന ആരോപണത്തിനു പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു കത്തിലുള്ളത്.  നിലവില്‍ ഊട്ടിയിലാണ് സിദ്ദിഖ്. 

നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ, ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ സ്വമേധയാ രാജിവയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ എന്നതാണ് കത്തിലെ വരികള്‍. 

സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷമുണ്ടായ ദുരനുഭവമാണ് യുവ നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഷോ കഴിഞ്ഞ് സിദ്ദിഖ് തന്നെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോഴാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവച്ചത്. തന്നെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഞ്ജിത്തിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവയ്ക്കണമെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാക്കളും സിനിമയില്‍ തന്നെയുള്ള ചിലരും ആവശ്യം ഉന്നയിച്ചു. എന്നാല്‍ കേസെടുക്കാന്‍ തയാറാകാതെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധം വ്യാപകമായതോടെ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് രഞ്ജിത്തിനെ കൈയ്യൊഴിയാന്‍ സര്‍ക്കാര്‍ തയാറായത്. തുടര്‍ന്നായിരുന്നു രാജി. 

സത്യമെന്താണെന്നറിയാതെയാണു ചിലര്‍ ആക്രമണം നടത്തുന്നതെന്നായിരുന്നു രാജിയെ തുടര്‍ന്ന് രഞ്ജിത്ത് പ്രതികരിച്ചത്. പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. 

ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment