by webdesk1 on | 25-08-2024 12:11:58 Last Updated by webdesk1
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച സിദ്ദിഖിന് അങ്ങനെയേ പറയാന്‍ കഴിയൂ എന്ന നടി ഉര്‍വശിയുടെ പരാമര്‍ശത്തിന്റെ പൊരുള്‍ ഇപ്പോഴാണ് വ്യക്തമാകുന്നത്.
റിപ്പോര്‍ട്ടിലെ പരാമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടും ഏറെ വൈകിയായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ നടന്‍ സിദ്ദിഖ് സംഘടനാ തലത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയാറായത്.
റിപ്പോര്‍ട്ടില്‍ സംഘടനയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും സര്‍ക്കാരിനാണ് എന്തെങ്കിലും ചെയ്യാനുള്ളത് എന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഒപ്പം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പവര്‍ഗ്രൂപ്പ് എന്ന പരാമര്‍ശത്തെ പരിഹാസത്തോടെ തള്ളുകയും ചെയ്തു.
തുടര്‍ന്ന് നടി ഉര്‍വശി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് സിദ്ദിഖിന് ഇങ്ങനയേ സംസാരിക്കാന്‍ കഴിയൂ എന്ന് പറഞ്ഞത്. അമ്മയുടെ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് സംഘടനയേയും അതിലെ അംഗങ്ങളേയും ദോഷമായി ബാധിക്കുന്ന ഒരു വിഷയത്തില്‍ അവര്‍ക്കൊപ്പം നിന്നുകൊണ്ടുള്ള പ്രതികരണമല്ലേ നടത്താന്‍ കഴിയൂ എന്നാകും ആ വാക്കുകളില്‍ അര്‍ത്ഥമാക്കിയിരുന്നത് എന്നാണ് പൊതു സമൂഹം വിലയിരുത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു യുവനടി സിദ്ദിഖിനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത് എത്തിയപ്പോഴാണ് ഉര്‍വശി പറഞ്ഞതിന്റെ യഥാര്‍ഥ അര്‍ത്ഥം എന്താണെന്ന് ബോധ്യപ്പെടുന്നത്.
സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷമുണ്ടായ ദുരനുഭവമാണ് യുവ നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഷോ കഴിഞ്ഞ് സിദ്ദിഖ് തന്നെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോഴാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. പറഞ്ഞു.
2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.