Views Politics

തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണം; കടുത്ത നിലപാടുമായി സുധാകരന്‍: തര്‍ക്കം പരിഹരിക്കാനാകാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കില്ല

Axenews | തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണം; കടുത്ത നിലപാടുമായി സുധാകരന്‍: തര്‍ക്കം പരിഹരിക്കാനാകാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കില്ല

by webdesk1 on | 26-01-2025 08:36:32 Last Updated by webdesk1

Share: Share on WhatsApp Visits: 68


തന്നെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണം; കടുത്ത നിലപാടുമായി സുധാകരന്‍: തര്‍ക്കം പരിഹരിക്കാനാകാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കില്ല


തിരുവനന്തപുരം: അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വച്ച ഫോര്‍മുലയും പാളുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ നീക്കി വിഭാഗീയത അവസാനിപ്പിക്കാന്‍ നടത്തിയ നീക്കമാണ് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്നും തന്നെ മാറ്റിയാല്‍ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് വി.ഡി. സതീശനേയും മാറ്റണമെന്ന് സുധാകരന്‍ നിലപാടെടുത്തു. ഇതോടെ വെട്ടിലായ ഹൈക്കമാന്‍ഡ് തല്‍ക്കാലം നേതൃമാറ്റ നടപടികള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.

പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുന്നതില്‍ തനിക്കുള്ള അതൃപ്തി കെ.സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മാറുന്നതിനൊപ്പം പ്രതിപക്ഷ നേതാവും മാറണമെന്നും സുധാകരന്‍ അറിയിച്ചതായാണ് സൂചന.  ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടായ വിജയത്തില്‍ പാര്‍ട്ടിയെ നയിച്ചത് താനാണ്. സതീശന്‍ തുടരുന്നുവെങ്കില്‍ തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്ന് സുധാകരന്‍ ചില നേതാക്കളോട് ചോദിച്ചു. തന്റെ സമ്മതമില്ലാതെ പദവിയില്‍നിന്ന് മാറ്റിയാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരന്‍ നല്‍കിയതായാണ് സൂചന.

സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാല്‍ കണ്ണൂരില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ. സുധാകരനുമായി ഒത്തുപോകണമെന്ന നിലപാട് വി.ഡി. സതീശനെയും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം സമ്പൂര്‍ണ പുനഃസംഘടന ഒഴിവാക്കി ഒഴിവുകള്‍ നികത്തി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. യു.ഡി.എഫിന്റെ മലയോര സമരയാത്ര കഴിയുന്നതു വരെയോ അല്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പു വരെയോ ആകാം  പുനഃസംഘടന നീട്ടിയത്. അതേസമയം എല്ലാവര്‍ക്കും സ്വീകര്യമായ സമവാക്യം കണ്ടെത്താനായാല്‍ ജാഥ കഴിഞ്ഞാല്‍ സമ്പൂര്‍ണ പുനഃസംഘടന നടന്നേക്കും.  

ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. നിയമസഭയില്‍ അധികാരം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കരുനീക്കം നടത്തുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനോട് ദൗത്യവുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം 42 സീറ്റുകള്‍ കൂടി അധികം കണ്ടെത്തണമെന്നും ഈ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമാണ് സതീശന്‍ രാഷ്ട്രീയകാര്യ സമിതിയെ അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തണം. അങ്ങനെയെങ്കില്‍ നിയമസഭയിലേക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നായിരുന്നു സതീശന്റെ പദ്ധതി.



Share:

Search

Recent News
Popular News
Top Trending


Leave a Comment