by webdesk1 on | 26-08-2024 07:55:57
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് പുതിയ സീസണിന് സെപ്റ്റംബര്‍ 13 മുതല്‍ തുടക്കം. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്.സി മുന്‍ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ നേരിടും.
തിരുവോണ ദിനമായ സെപ്തംബര്‍ 15ന് രാത്രി 7.30ന് കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്.സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. രണ്ട് പാദങ്ങളായി നടത്തുന്ന മത്സരങ്ങളുടെ ആദ്യപാദ മത്സര ക്രമമാണ് പ്രഖ്യാപിച്ചത്.
എല്ലാ ദിവസവും വൈകീട്ട് 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യപാദത്തില്‍ ആകെ 84 മത്സരങ്ങളാണുള്ളത്. സെപ്റ്റംബറില്‍ 18 മത്സരങ്ങളുണ്ടാകും. ഒക്ടോബര്‍, നവംബര്‍ 20 വീതവും, ഡിസംബറില്‍ 26 ഉം കളികളാണുള്ളത്.
ആദ്യ പാദത്തില്‍ ഏഴ് ഹോം മാച്ചുകളും ഏഴ് എവേ മാച്ചുകളും ഉള്‍പ്പെടെ 14 മത്സരങ്ങളിലാണ് മഞ്ഞപ്പട കളത്തിലിറങ്ങുക. സെപ്തംബര്‍ 22ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.
ഒക്ടോബര്‍ 26, നവംബര്‍ ഏഴ്, 24, 28, ഡിസംബര്‍ ഏഴ് എന്നീ ദിവസങ്ങളിലാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മത്സരങ്ങള്‍. ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം ഒക്ടോബര്‍ 25നാണ്. സെപ്റ്റംബര്‍ 29ന് ഗുവാഹാത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം.