by webdesk1 on | 26-08-2024 11:33:17 Last Updated by webdesk1
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. ഇന്നലെയും ഇന്നുമായി ഒട്ടേറെ നടിമാര്‍ ലൈംഗീകാരോപണങ്ങളുമായി രംഗത്തെത്തി. യുവനടന്‍ ജയസൂര്യ ഉള്‍പ്പടെ അഞ്ചോളം നടന്മാര്‍ക്കും ചില സംവിധായകര്‍ക്കുമെതിരെയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ കെണിയില്‍ പെട്ടു.
നടി മിനു മുനീറാണ് ജയസൂര്യയ്‌ക്കെതിരെ ലൈംഗീകാരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് നടി വെളിപ്പെടുത്തിയത്. അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു ഒരു നടന്‍ ആവശ്യപ്പെട്ടതായും നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള എന്നിവര്‍ മോശമായി പെരുമാറിയതായും നടി ആരോപിച്ചു.
2008 ലാണു ജയസൂര്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് മിനു മാധ്യമങ്ങളോട് പറഞ്ഞത്. സെക്രട്ടേറിയറ്റിലെ ഷൂട്ടിങിന് ശേഷം റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു.
2013 ആയപ്പോളേക്കും താന്‍ ആറ് സിനിമകളില്‍ അഭിനയിച്ചു. മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ല.
പിന്നീട് നടന്‍ മുകേഷ് ഫോണിലും നേരിട്ട് കണ്ടപ്പോഴും മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേപോലെ അമ്മ ജോയിന്റ് സെക്രട്ടറി കൂടിയായ നടന്‍ ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നു. മൂന്നാറിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച് ലൈംഗീക പീഡനം നടത്തിയെന്നാണ് മറ്റൊരു ജൂണിയര്‍ ആര്‍ട്ടിസ്റ്റ് ആരോപിച്ചത്. സിദ്ദിഖ് രാജിവച്ച് ഒഴിവിലേക്ക് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട ആള്‍കൂടിയാണ് ബാബുരാജ്.