by webdesk1 on | 28-01-2025 06:52:57
ന്യൂഡല്‍ഹി: ഏറെ നാളായി അകല്‍ച്ചയിലായിരുന്ന ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും അടുപ്പം കാട്ടി വരുന്നതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നതാണ് ഭാവിയിലെ രാജ്യത്തിന്റെ നയതന്ത്ര സമീപനങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കുക. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയ്ക്ക് ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ കൂടിയിട്ടുണ്ട്. അമേരിക്കയ്ക്ക് മുകളില്‍ സാമ്പത്തിക ശക്തിയായി വളരുന്നത് ട്രംപിന് അനുവദിക്കാനാകില്ല. അധികാരമേറ്റ ശേഷം ചെയ്ത കാര്യങ്ങളില്‍ ചൈനയെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
ഇതിനിടെയാണ് ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ സൗഹൃദപരമായ മാറ്റം വരുന്നത്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അമേരിക്ക അതിനെ അത്ര ലാഘവത്തോടെ കാണുമെന്ന് കരുതുന്നില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മേദിയെ അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കയില്‍ മോദി സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചുകഴിഞ്ഞു.
കൂടിക്കാഴ്ച്ചയില്‍ പതിവ് വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുമെങ്കിലും ചൈനയുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം ട്രംപ് ഉന്നയിച്ചേക്കുമെന്നാണ് സൂചന. ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം അനുസരിച്ചാകും അമേരിക്കയോടും ചൈനയോടുമുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ ഭാവി കാര്യങ്ങള്‍. ഇരു രാജ്യങ്ങളേയും സൗഹൃദത്തില്‍ കൊണ്ടുപോകുന്ന നയമാകും ഇന്ത്യ സ്വീകരിക്കുകയെന്നും സൂചനയുണ്ട്.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതോടെ ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല 2020 മുതല്‍ നിര്‍ത്തിവച്ച കൈലാഷ് മാനസരോവര്‍ യാത്രയും പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
നിലവിലുള്ള കരാറുകള്‍ പ്രകാരമാണ് വിമാന സര്‍വീസും മാനസരോവര്‍ യാത്രയും വീണ്ടും ആരംഭിക്കുന്നതെന്നും നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്ധതല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തത്വത്തില്‍ സമ്മതിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ചര്‍ച്ചകള്‍ പടിപടിയായി പുനരാരംഭിക്കുന്നതിനും മുന്‍ഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും തീരുമാനമായി. സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകളും ചര്‍ച്ച ചെയ്തു.