by webdesk1 on | 26-08-2024 12:20:50
റിയാദ്: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന്റെ റിയാദ് സന്ദര്‍ശനം ഉപേക്ഷിച്ചു. റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ പ്രഖ്യാപിച്ച റിഫ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തും എന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സംഘാടകര്‍ക്കെതിരെ സൈബര്‍ ആക്രമണം പരിധിവിട്ടതാണ് പരിപാടി റദ്ദാക്കാന്‍ കാരണം.
സാമൂഹിക സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് ജയശങ്കറിന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നത്. ഓഗസ്റ്റ് 30ന് റിയാദ് ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ജയശങ്കര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനവും ക്രമീകരിച്ചിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം വ്യാപകമായതോടെ പുരസ്‌കാര വിതരണ ചടങ്ങും വാര്‍ത്താസമ്മേളനവും സംഘാടകര്‍ ഉപേക്ഷിച്ചു.
മൂന്നര പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജയശങ്കര്‍ സാമൂഹിക വിമര്‍ശകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണെന്നും റിഫാ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റ് റസൂല്‍ സലാം സെക്രട്ടറി ജേക്കബ് കാരാത്ര എന്നിവയുടെ പേരിലാണ് പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. പോസ്റ്ററിന് പിന്നാലെ പ്രസിഡന്റ് റസൂല്‍ ഫേ്‌സ്ബുക്കില്‍ ജയശങ്കറിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സംഘാടകര്‍ക്കും ജയശങ്കറിനുമെതിരെ സൈബര്‍ ആക്രമണം അതിരുവിട്ടത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍, സാമൂഹിക നിരീക്ഷകന്‍ എം.എന്‍. കാരശേരി എന്നിവര്‍ക്ക് റിഫാ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. മൂന്നാമത് പുരസ്‌കാരത്തിനാണ് അഡ്വ. ജയശങ്കറിനെ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യം: അതിജീവനവും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറില്‍ മുഖ്യ പ്രഭാഷകരുമായിരുന്നു ജയശങ്കര്‍.
ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷവിമര്‍ശനം നടത്തുന്ന ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരുന്നതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം പരിപാടി റിദ്ദാക്കിയത് സംബന്ധിച്ച് സംഘാടകനായ നിബു വര്‍ഗീസിന്റെ പ്രതികരണം ഇതായിരുന്നു, മുഖ്യധാരയോ അല്ലാത്തതോ ആയ ഇടതുപക്ഷത്തിന് അഭിപ്രായ വിയോജിപ്പ് മാത്രമേയുള്ളൂ. എല്ലാം വളരെ പേഴ്‌സണലായി കാണുന്ന തീവ്ര വിഭാഗങ്ങള്‍ക്ക് അങ്ങനെ കാണാന്‍ കഴിയില്ലല്ലോ. പരിപാടി റദ്ദാക്കിയതായി സാമൂഹികമാധ്യമങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വിവാദം കൂടുതല്‍ പുകയുകയാണ്.