Views Politics

മുന്നണിമാറ്റ ചർച്ചകളെ പ്രതിരോധിക്കാൻ തുഷാറിന്റെ കേന്ദ്രമന്ത്രി ഓഫർ കഥ: തിരക്ക് കാരണം സ്വീകരിച്ചില്ലെന്നു വിശദീകരണം; വിശ്വാസമാകാതെ അണികൾ

Axenews | മുന്നണിമാറ്റ ചർച്ചകളെ പ്രതിരോധിക്കാൻ തുഷാറിന്റെ കേന്ദ്രമന്ത്രി ഓഫർ കഥ: തിരക്ക് കാരണം സ്വീകരിച്ചില്ലെന്നു വിശദീകരണം; വിശ്വാസമാകാതെ അണികൾ

by webdesk1 on | 29-01-2025 08:22:06

Share: Share on WhatsApp Visits: 79


മുന്നണിമാറ്റ ചർച്ചകളെ പ്രതിരോധിക്കാൻ തുഷാറിന്റെ കേന്ദ്രമന്ത്രി ഓഫർ കഥ: തിരക്ക് കാരണം സ്വീകരിച്ചില്ലെന്നു വിശദീകരണം; വിശ്വാസമാകാതെ അണികൾ


തിരുവനന്തപുരം: അർഹമായ പ്രധിനിധ്യം എൻ.ഡി.എയിൽ നിന്ന് കിട്ടാത്തതിനാൽ മുന്നണി വിടണമെന്ന അണികളുടെ വികാരം തണുപ്പിക്കാൻ  ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞതാണ് ഇപ്പോൾ ചർച്ച വിഷയം. മുൻപ് പാർട്ടിക്ക് കേന്ദ്രമന്ത്രി സ്ഥാനവും എം.പി സ്ഥാനവും വച്ചുനീട്ടിയതാണെന്നും തിരക്കു കാരണം അത് സ്വീകരിക്കാതിരുന്നതെന്നുമാണ് തുഷാർ പറഞ്ഞത്. 


തുഷാറിന്റെ പ്രതികരണത്തിൽ അണികൾ തന്നെ രംഗത്തെത്തി. പാർട്ടി ആഗ്രഹിച്ചത് ഈ നിലയിലുള്ള പരിഗണന ആയിരുന്നുവെന്നും ഇത്രയും വലിയ ഓഫർ കിട്ടിയിട്ടും അത് സ്വീകരിക്കാതിരുന്നത് ബുദ്ധിമോശം ആയിപോയെന്നുമാണ് അണികൾ അഭിപ്രായപ്പെട്ടത്. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ മാത്രമുള്ള തിരക്ക് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഉണ്ടെന്നു കരുതുന്നില്ലെന്നും പ്രവർത്തകർ പറഞ്ഞു.  എന്തായാലും അണികളെ ആശ്വസിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തുഷാറിന് തന്നെ തിരിച്ചടിയായ അവസ്ഥയാണ്.


കോട്ടയത്ത് പ്രാദേശിക നേതാക്കളുടെ ഒരു ദിവസത്തെ ക്യാംപിലാണ്‌ തുഷാർ പ്രതികരണം നടത്തിയത്. രണ്ടു മുന്നണികളും ബി.ഡി.ജെ.എസിനെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അത്തരത്തില്‍ ആലോചിച്ചു കൂടാ എന്നായിരുന്നു അണികളുടെ പൊതുവികാരം. എന്നാൽ തുഷാറിന് ആഗ്രഹം എൻ.ഡി.എയിൽ തുടരാനായിരുന്നു. ഇത് അണികളും സമ്മതിക്കാനാണ് മുന്‍പ് എം.പിയായും കേന്ദ്രമന്ത്രിയായും ബി.ജെ.പി ദേശീയ നേതൃത്വം തനിക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറഞ്ഞത്. 


എസ്.എന്‍.ഡി.പി യോഗത്തിന്റെ കാര്യങ്ങളും പാര്‍ട്ടി വിഷയങ്ങളും വ്യക്തിപരമായ തിരക്കും മൂലം അങ്ങോട്ടു പോകാന്‍ കഴിയാത്തതിനാല്‍ പദവികള്‍ ഏറ്റെടുക്കാതിരുന്നതാണ്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, ഐ.ടി.ഡി.സി ഡയറക്ടര്‍, റബര്‍ ബോര്‍ഡ് ഭാരവാഹിത്വം തുടങ്ങിയവ പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഇനിയും പാര്‍ട്ടിക്കു ലഭിക്കും. ആ സാഹര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന് മുന്നോട്ടുപോകണമെന്നു തുഷാര്‍ അണികളോട് ആവശ്യപ്പെട്ടു. 


ഒൻപതു വര്‍ഷമായി ബി.ജെ.പിയിൽ നിന്നും എന്‍.ഡി.എയിൽ നിന്നും അവഗണനയാണ് നേരിടുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന പരാതി. എന്‍.ഡി.എയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇതിനെ പ്രതിരോധിക്കുന്നതിനായിരുന്നു തുഷാറിന്റെ കേന്ദ്രമന്ത്രി പദവിയുടെ കഥ പറഞ്ഞത്.


മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ തുഷാർ പറഞ്ഞു. എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കും. പാര്‍ട്ടി എന്‍.ഡി.എയില്‍ തുടരുന്നതിൽ നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തുഷാര്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment