by webdesk1 on | 26-08-2024 09:40:27
കല്‍പറ്റ: വയനാട് മുണ്ടകൈയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. കലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അവസാനിച്ചതായി പ്രഖ്യാപിച്ച തിരച്ചിലാണ് പുനരാരംഭിച്ചത്. തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം മനുഷ്യരുടേതാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
ഉരുള്‍പൊട്ടലില്‍ ഇതുവരെ 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം എച്ച്എംഎല്‍ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പുരനരധിവാസ പ്രവര്‍ത്തനത്തിന് സഹായധനമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പത്തു കോടി രൂപ അനുവദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ജനങ്ങളും സര്‍ക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവര്‍ണര്‍ക്ക് അയച്ച മറുപടി കത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസെസ്‌മെന്റ് സംഘം വിവിധ മേഖലകളില്‍ പഠനം ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പിഡിഎന്‍എ സംഘം നടത്തുന്നതെന്ന് സംഘത്തലവനും സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ. ആര്‍.പ്രദീപ്കുമാര്‍ പറഞ്ഞു.