by webdesk1 on | 26-08-2024 11:03:49 Last Updated by webdesk1
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് നടിമാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളിലൂടെ മുഖം വികൃതമായ താര സംഘടയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ അമ്മയുടെ തലപ്പത്ത് വനിതാ പ്രതിനിധി വരുമോ? ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന ചോദ്യമാണിത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവ നടന്മാര്‍ ഇപ്പോള്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചും കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇടതടവില്ലാതെ പുറത്തേക്ക് വന്ന ലൈംഗീകതിക്രമ ആരോപണങ്ങളില്‍ വന്‍ മരങ്ങള്‍ വരെ കടപുഴകി വീണു. തലയെടുപ്പോടെ സിനിമാ മേഖലയെ ഭരിച്ചുകൊണ്ടിരുന്നവരുടെ തലകള്‍ മണ്ണില്‍ ഉരുണ്ടു. പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആരുടെയൊക്കെ തലകള്‍ ഇനിയും ഉരുളും എന്നാണ് കേരളം കാത്തിരിക്കുന്നത്.
ചലചിത്ര അക്കാദമി ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനും നടനുമൊക്കെയായ രഞ്ജിത്തിനെതിരെയാണ് ആദ്യ ലൈംഗീകതിക്രമ ആരോപണം ഉണ്ടാകുന്നത്. ബംഗാള്‍ നടിയുടെ സ്‌പോടകാത്മകമായ വെളിപ്പെടുത്തല്‍ മലയാള സിനിമാ മേഖലയില്‍ മാത്രമല്ല കേരളക്കരയെ ആകെ പിടിച്ചുകുലുക്കി. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങി. എന്നാല്‍ സിപിഎം അനുഭാവിയായ രഞ്ജിത്തിന് സംരക്ഷണ കവചം തീര്‍ക്കുകയായിരുന്നു സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരും.
പക്ഷെ മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ ശക്തമായ നിലപാടെടുത്തതോടെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. സര്‍ക്കാര്‍ കൈവിട്ടതോടെ പിന്നെ രാജി അല്ലാതെ മറ്റ് മാര്‍ഗം രഞ്ജിത്തിന് മുന്നില്‍ ഉണ്ടായിരുന്നില്ല. രഞ്ജിത്തിന്റെ രാജിക്ക് പിന്നാലെ താര സംഘടനയെ തന്നെ പ്രതിസന്ധിയിലാക്കി അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെയായിരുന്നു അടുത്ത ലൈംഗീകതിക്രമ ആരോപണം.
ഇതിന് മുന്നേ സിദ്ദിഖിനെതിരെ പാളയത്തില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള അമ്മയുടെ പ്രതികരണം ദൂര്‍ബലമായിരുന്നുവെന്ന് കാട്ടി ജഗദീഷ് അടക്കമുള്ള നടന്മാര്‍ രംഗത്തെത്തി. സിദ്ദിഖിന്റെ നിലപാടിനെ നടി ഉര്‍വശിയും വിമര്‍ശിച്ചു. ഇതിനിടെ ചൂട് കെട്ടടങ്ങും മുന്‍പേയായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ യുവനടിയുടെ വെളിപ്പെടുത്തല്‍.
ഇതില്‍ പക്ഷെ സിദ്ദിഖിന് പിടിച്ച് നില്‍ക്കാനായില്ല. ആരോപണം വന്‍ ചര്‍ച്ച ആയതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇ മെയില്‍ സന്ദേശം അയച്ചു. വിവാദം അവിടംകൊണ്ടും അവസാനിച്ചില്ല. പിന്നെയും ഉയര്‍ന്നു ഒട്ടേറെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. യുവനടന്‍ ജയസൂര്യ തുടങ്ങി ദീര്‍ഘകാലം അമ്മയുടെ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചിരുന്ന ഇടവേള ബാബുവില്‍ വരെ ആരോപണങ്ങള്‍ എത്തി.
ഇതിനിടെ, അടുത്ത ജനറല്‍ സെക്രട്ടറിയാകേണ്ടിയിരുന്ന നടന്‍ ബാബുരാജിനെതിരെയും ഉണ്ടായി ഗുരുതര ലൈംഗീകാരോപണം. പേര് വെളിപ്പെടുത്താത യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബാബുരാജ് ആരോപണം നിഷേധിച്ചെങ്കിലും അതൊന്നും പൊതുസമൂഹത്തില്‍ വിലപ്പോയിട്ടില്ല. ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി അമ്മ. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വയ്‌ക്കേണ്ടതായ സ്ഥിതിയിലും എത്തി.
പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല എന്ന കാരണമാണ് യോഗം മാറ്റിവച്ചതില്‍ നേതൃത്വം പറയുന്നത്. പക്ഷെ പുതിയ ജനറല്‍ സെക്രട്ടറിയായി ആരെ കൊണ്ടുവരുമെന്ന ആശയക്കുഴപ്പമാണ് കാരണമെന്നും കേള്‍ക്കുന്നുണ്ട്. അമ്മ നേതൃത്വത്തിനെതിരെ എതിര്‍ശബ്ദം ഉയര്‍ത്തിയവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നിലവിലുള്ള കമ്മിറ്റി തയാറായേക്കില്ല. നേതൃത്വത്തോടൊപ്പം നിന്ന ആരെയെങ്കിലും ചുമതല ഏല്‍പ്പിക്കാമെന്ന് വച്ചാല്‍ അവര്‍ക്കെതിരെയും ലൈംഗീകാരോപണം ഉണ്ടായേക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ഇതിനൊരു പരിഹാരം എന്ത് എന്ന ആലോചനയില്‍ നിന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ കൊണ്ടുവരിക എന്ന ഫോര്‍മുലയിലേക്ക് എത്തിയത്. യുവ താരങ്ങളില്‍ നിന്നടക്കം ഇത്തരമൊരാവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പക്ഷെ ആരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.
നിലവില്‍ നാല് വനിതകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടെങ്കിലും ഇവരൊക്കെ താരതമ്യേന എക്‌സ്പീരിയന്‍സ് കുറഞ്ഞവരാണ്. മാത്രമല്ല ഇവര്‍ നാല് പേരും കമ്മിറ്റി അംഗങ്ങള്‍ മാത്രമാണ്. അമ്മയുടെ ബൈലോ പ്രകാരം ജനറല്‍ സെക്രട്ടറി രാജിവയ്ക്കുകയോ മാറി നില്‍ക്കുകയോ ഉണ്ടായാല്‍ പകരം ജോയിന്റ് സെക്രട്ടറിയാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. ഇവിടെ ജോയിന്റ് സെക്രട്ടറിയായി ഒരു വനിത പോലുമില്ല. ഉള്ളതാകട്ടെ ആരോപണ വിധേയനായ ബാബുരാജും.
ഈ സാഹചര്യത്തില്‍ കമ്മറ്റിക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും കൊണ്ടുവരേണ്ടതായി വരും. കഴിഞ്ഞ ജൂണില്‍ നടന്ന അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട നടിമാരില്‍ ആരെയെങ്കിലും കണ്ടെത്തിയാലോ എന്നും ആലോചന ഉണ്ടായി. ഇതിനോട് മിക്കവര്‍ക്കും എതിരഭിപ്രായമാണ്. പൊതു സ്വീകാര്യത ഇല്ലാത്തതിനാലാണ് അവര്‍ പരാജയപ്പെട്ടതെന്നും അവരിലാരും വേണ്ട എന്നുമാണ് ഇവര്‍ പറയുന്നത്. അങ്ങേയറ്റം പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു സ്വീകാര്യതയോടെ ഒരു വനിതയെ കണ്ടെത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതാകും നേതൃത്വത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.