by webdesk1 on | 27-08-2024 07:49:21
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതുതായി അഞ്ച് ജില്ലകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകള്‍. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ ജില്ലകളുടെ പ്രഖ്യാപനം നടത്തിയത്. ലഡാക്കിലെ ജനങ്ങള്‍ക്ക് അതി വിപുലമായ അവസരങ്ങള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് അമിത് ഷാ പറഞ്ഞു.
പുതിയ ജില്ലകള്‍ വരുന്നതോടെ ജനങ്ങള്‍ക്കായി എല്ലാ മുക്കിലും മൂലയിലും ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കാനാകും. ലഡാക്കില്‍ വികസനം കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ മോദിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അഞ്ച് ജില്ലകള്‍ കൂടി ലഡാക്കിന് നല്‍കാന്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം തീരുമാനിച്ചതെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷമാണ് ലഡാക്കിന് കേന്ദ്രഭരണ പ്രദേശം എന്ന പദവി ലഭിക്കുന്നത്. 2019 വരെ ജമ്മു കാശ്മീരിന്റെ ഭാഗമായിരുന്നു ലഡാക്ക്. പ്രത്യേക പദവി റദ്ദാക്കിയതോടെ ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയായിരുന്നു. ഇതോടെ ലഡാക്ക് നേരിട്ടുള്ള കേന്ദ്ര ഭരണത്തിന്‍ കീഴിലായി.
ലഡാക്കിലെ പുതിയ അഞ്ച് ജില്ലകളുടെ രൂപീകരണം മികച്ച ഭരണത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള ചവിട്ടുപടിയാണെന്നും പുതിയ ജില്ലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിലൂടെ സേവനങ്ങളും അവസരങ്ങളും ജനങ്ങള്‍ക്ക് കൂടുല്‍ അടുത്തെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.